രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു; ശോഭ വിശ്വനാഥിന് ഇത് പുതിയ തുടക്കം
ബിഗ് ബോസ് മലയാളം സീസണ് ഫൈവില്‍ നാലാം സ്ഥാനം നേടി ശോഭ വിശ്വനാഥ്. ആദ്യ മൂന്നില്‍ ഇടംനേടുമെന്ന് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ഉറച്ചു വിശ്വസിച്ച ശക്തയായ മത്സരാര്‍ഥിയായിരുന്നു ശോഭ. എന്നാല്‍, അപ്രതീക്ഷിതമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അഖില്‍ മാരാരോടൊപ്പം മോഹന്‍ലാലിന്റെ കൈ പിടിച്ച് ശോഭ സ്റ്റേജില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റെനീഷ റഹ്മാന് പ്രേക്ഷക വോട്ടുകളില്‍ ശോഭയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ജുനൈസിനും ശോഭയേക്കാള്‍ വോട്ട് ലഭിച്ചപ്പോള്‍ നാലാം സ്ഥാനം കൊണ്ട് ശോഭ വിശ്വനാഥിന് തൃപ്തയാകേണ്ടി വന്നു. സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസ്സിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും ശോഭയെ എവിക്ഷനിലൂടെ ഫിനാലെ വേദിയിലെത്തിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായി പുറത്തായ ശേഷം ശോഭയും പറയുകയുണ്ടായി.
”നൂറു ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത് അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്ക്കാന് കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി ഇനി എന്റെ വിജയഗാഥയുടെ ഒരു തുടക്കമാണ്. ഈ സാരി ഇനി ഞാന്‍ ഉടുക്കും. രണ്ടാം സ്ഥാനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ അഞ്ച് പേരും, ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു. ഞാനൊരു വിക്ടിം അല്ല, വിഷണറിയാണ്. ഇതെന്റെ പുതിയ തുടക്കമാണ്. ജീവിതത്തില്‍ ഇനിയും ഒരുപാട് മുന്പോട്ട് പോകാനുണ്ട്.”ഫിനാലെ വേദിയില്‍ വച്ച് ശോഭ പറഞ്ഞു.
ഫാഷന്‍ ഡിസൈനര്‍, സംരംഭക, സോഷ്യല്‍ ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ശോഭ വിശ്വനാഥ്. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ ഉടമയെന്ന നിലയിലാണ് ശോഭയെ പ്രേക്ഷകര്‍ക്കു പരിചയം. അഖില്‍ മാരാര്‍ ആണ് ബിഗ് ബോസ് സീസണ് ഫൈവിലെ വിജയി. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കന്‍ഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു. ഷിജു അഞ്ചാം സ്ഥാനം നേടി. ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആന്‍ ജോണ്‍സനാണ് ആറാം സ്ഥാനം. 21 മത്സരാര്‍ഥികളായിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസില്‍ മത്സരിച്ചത്.
നേരത്തെ ഫിനാലെയില്‍ ഇടം നേടിയ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി നാദിറ മെഹ്റിന് പണപ്പെട്ടി ടാസ്കില് നിന്നും ഏഴേ മുക്കാല്‍ ലക്ഷം രൂപ നേടി സ്വയം ബിഗ് ബോസ് ഹൗസിനോടു വിട പറഞ്ഞിരുന്നു. സീസണ് ഓഫ് ഒറിജിനല്‍സ് എന്നായിരുന്നു സീസണ് ഫൈവ് വിശേഷിപ്പിച്ചിരുന്നത്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര് കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍.
ഗോപിക ഗോപി, ശ്രുതി ലക്ഷ്മി, ഷിജു എ.ആര്., ലച്ചു (ഐശ്വര്യ സുരേഷ്), അനിയന് മിഥുന്, മനീഷ, നാദിറ മെഹ്റിന്, ജുനൈസ് വി.പി., സാഗര്‍ സൂര്യ, വൈബര്‍ ദേവു (ശ്രീദേവി മേനോന്), ആഞ്ജലീന് മരിയ, വിഷ്ണു ജോഷി, ഒമര്‍ ലുലു, അനു ജോസഫ്, സെറീന ആന്‍ ജോണ്സണ്, ശോഭ വിശ്വനാഥ്, റിനോഷ് ജോര്‍ജ്, റെനീഷ റെഹ്മാന്, ഹനാന്, അഞ്ജൂസ് റോഷ്, അഖില്‍ മാരാര്‍ എന്നിവരായിരുന്നു ഈ സീസണിലെ മത്സരാര്‍ഥികള്‍.