CrimeNEWS

മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇരട്ടക്കൊലയില്‍ ബീജം തെളിവായി; വധശിക്ഷ വിധിച്ചതോടെ പ്രതി അഭിഭാഷകനെ തല്ലിതാഴെയിട്ടു

മിയാമി(യു.എസ്): ഇരട്ടക്കൊലപാത കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന്റെ ദേഷ്യത്തില്‍ പ്രതി അഭിഭാഷകനെ കോടതി മുറിയില്‍ ഇടിച്ചുവീഴ്ത്തി. ഫ്‌ളോറിഡ സ്വദേശി ജോസഫ് സീലര്‍ (61) എന്നയാളാണ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഷാകനെ ആക്രമിച്ചത്. കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

1990 ലാണ് ജോസഫ് സീലര്‍ പതിനൊന്ന് വയസുകാരിയേയും കുട്ടിയെ പരിചരിക്കാന്‍ എത്തിയ 32 വയസുകാരിയേയും ക്രൂരമായി കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഈ കേസിലാണ് കോടതി വിധി പറഞ്ഞത്. ഇരട്ടക്കൊലപാതക കേസിന്റെ വര്‍ഷങ്ങള്‍ നീണ്ട വിചാരണ ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസം കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെ ജോസഫ് സീലര്‍ പ്രകോപിതനാകുകയായിരുന്നു.

Signature-ad

സംസാരിക്കാനുണ്ടെന്ന് വ്യക്തമാക്കി ജോസഫ് സീലര്‍ അഭിഭാഷകന്‍ കെവിന്‍ ഷെര്‍ലിയോട് സമീപത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്തെത്തിയ അഭിഭാഷകന്റെ ചെവിയില്‍ സംസാരിക്കാനെന്ന വ്യാജേനെ ചേര്‍ന്ന് നിന്ന് കൈമുട്ട് ഉപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതീയെ കീഴടക്കി. കൈക്കൊണ്ടുള്ള ഇടിയേറ്റ് കെവിന്‍ ഷെര്‍ലി തറയില്‍ വീണു.

പതിനൊന്ന് വയസുകാരിയേയും അവളുടെ സഹായി ലിസ എന്ന യുവതിയേയുമാണ് ജോസഫ് സീലര്‍ കൊലപ്പെടുത്തിയത്. ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായ ഇരുവരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ബീജമാണ് ജോസഫ് സീലറെ കുടുക്കിയത്. 2016 ല്‍ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് ജൂറി ഏഴ് വര്‍ഷത്തിന് ശേഷം കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുകയും ചെയ്തു.

Back to top button
error: