CrimeNEWS

എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു വര്‍ഷം; കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റര്‍ ആക്രമണം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കുറ്റപത്രം കൊടുക്കാനാവാതെ ക്രൈംബ്രാഞ്ച്. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പെടെ വിദേശത്തേക്കു കടന്ന രണ്ട് പ്രതികളെ പിടികൂടാത്തതാണു തടസമെന്നാണ് വിശദീകരണം. എന്നാല്‍, കെട്ടിച്ചമച്ച കേസായതുകൊണ്ടാണ് അന്വേഷണം ഇഴയുന്നതെന്നു പ്രതികള്‍ ആരോപിക്കുന്നു.

2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിന്റെ ഗേറ്റില്‍ പടക്കം എറിഞ്ഞത്. ഒടുവില്‍ 85 ാം ദിവസമാണ് കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജിതിനെ അറസ്റ്റ് ചെയ്തത്. ജിതിന് സ്‌കൂട്ടറെത്തിച്ചു നല്‍കിയ സുഹൃത്ത് ടി.നവ്യയും പിന്നാലെ പിടിയിലായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് ആക്രമണത്തിന്റെ മാസ്റ്റര്‍ ബ്രെയിനെന്നും സുഹൈലിന്റെ ഡ്രൈവര്‍ സുധീഷിന്റേതാണു സ്‌കൂട്ടറെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പക്ഷേ അപ്പോഴേക്കും ഇരുവരും വിദേശത്തെത്തിയിരുന്നു. അതോടെ അന്വേഷണം അവിടെ നിലച്ചു.

Signature-ad

കള്ളക്കേസായതു കൊണ്ടാണ് അന്വേഷണം തുടരാത്തതെന്നാണ് പ്രതികളുടെ ആരോപണം. വിദേശത്തുള്ള സുഹൈല്‍ ഷാജഹാനെയും സുധീഷിനെയും പിടികൂടാന്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഇരുവരും നാട്ടിലെത്തിയില്ല. ഇനി ഇരുവരെയും നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Back to top button
error: