KeralaNEWS

ഗതാ​ഗതക്കുരുക്കിൽ ശ്വാസം മുട്ടുന്ന കണ്ണൂർ നഗരം, മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ ട്രയൽ റൺ കഴിഞ്ഞ് നാലര മാസമായിട്ടും നോക്കുകുത്തിയായി നിൽക്കുന്നു

    കണ്ണൂർ നഗരത്തിൽ നിർമ്മാണം പൂർത്തിയായി ട്രയൽ റൺ കഴിഞ്ഞ മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കോർപ്പറേഷൻ. ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണാനാണ്‌ ജവഹർ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന്​ സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിനടുത്തും കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ നിർ‍മിച്ചത്‌.

ഫെബ്രുവരി 22ന്‌ കൊട്ടിഘോഷിച്ച് ട്രയൽ റൺ നടത്തിയ വേളയിൽ പാർക്കിങ്‌​ കേന്ദ്രം ഉടൻ  ആരംഭിക്കും എന്നായിരുന്നു അധികൃതർ പറഞ്ഞത്‌. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും  തുറന്നില്ല. ഇനിയും ചില അവസാനഘട്ട  പ്രവൃത്തി ബാക്കിയുണ്ടെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തുമെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം.

Signature-ad

ട്രയൽ റൺ കഴിഞ്ഞിട്ട്  മാസങ്ങൾ പിന്നിട്ടിട്ടും ബാക്കിയുണ്ടെന്ന് പറയുന്ന പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കാൻ എന്തുകൊണ്ട്  സാധിച്ചില്ലെന്ന്  ജനങ്ങൾ ചോദിക്കുന്നു. ​ന​ഗരം ​ഗതാ​ഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ കോടികൾ മുടക്കി നിർമിച്ച പാർക്കിങ്‌​ കേന്ദ്രം കോർപ്പറേഷൻ അനാസ്ഥയിൽ നോക്കുകുത്തിയാകുന്നു.

അമൃത്​ പദ്ധതിയുടെ ഭാ​ഗമായി 11 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ കേന്ദ്രത്തിൽ അഞ്ചുനിലകളിലായി  124 വാഹനങ്ങളും പീതാംബര പാർക്കിന്​ സമീപത്തെ കേന്ദ്രത്തിൽ മൂന്നുനിലകളിലായി 31 വാഹനങ്ങളും പാർക്ക് ചെയ്യാം.

പുണെ ആസ്ഥാനമായ അഡിസോഫ്​റ്റ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിക്കാണ്​ നിർമാണ ചുമതല. 2020 ഒക്​ടോബറിൽ നിർമാണം ആരംഭിച്ചപ്പോൾ  ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

കോവിഡ് വ്യാപനവും  കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള തർക്കവും കാരണം നിർമാണം നീണ്ടു. ന​ഗരത്തിൽ ​ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ കോർപ്പറേഷൻ ഇടപെട്ട്​  ജൂലൈയിൽ നിർമാണം പുനരാരംഭിച്ചു. ഡിസംബറിൽ തുറക്കും എന്നായിരുന്നു രണ്ടാംഘട്ടത്തിൽ നിർമ്മാണം തുടങ്ങുമ്പോൾ കോർപ്പറേഷൻ വ്യക്തമാക്കിയത്. എന്നാൽ, ആ സമയത്തൊന്നും നിർമ്മാണം പൂർത്തിയായില്ല​.

Back to top button
error: