IndiaNEWS

മുറിവുണങ്ങാതെ മണിപ്പുര്‍; വെടിയേറ്റു കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി പ്രക്ഷോഭം

ഇംഫാല്‍: വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവില്‍ ഇറങ്ങിയതോടെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. വൈകിട്ട് ഏഴു മണിയോടെ ഇംഫാല്‍ നഗരത്തിലാണ് വന്‍സംഘര്‍ഷമുണ്ടായത്. രാജ്ഭവനു മുന്നിലും ബിജെപി ഓഫിസിനു മുന്നിലും സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്നു പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയത്. ഇതിനിടെ പോലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

Signature-ad

രണ്ടു മണിക്കൂറായി സംഘര്‍ഷം തുടരുകയാണ്. ഇംഫാലിലെ ബി.ജെ.പി. ഓഫീസുകള്‍ക്കെല്ലാം ശക്തമായ സുരക്ഷയൊരുക്കി. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷ മറിക്കടക്കുന്ന സ്ഥിതിഗതികളാണ് പലയിടങ്ങളിലും. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചു.

കാങ്‌പോക്പി ജില്ലയില്‍ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രാവിലെ ഒരാള്‍ കൊല്ലപ്പെട്ടത്. കുക്കികളുടെ ഗ്രാമമായ ഹരോതെലില്‍ ആക്രമണമുണ്ടായതോടെ രാവിലെ 5.30നാണ് സൈന്യം ഇവിടെ എത്തിയത്. സൈന്യത്തിനുനേരെ ആയുധധാരികള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വെടിവയ്പ്പ് രൂക്ഷമായതോടെ കൂടുതല്‍ സൈന്യം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. രാവിലെ 9 മണിവരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

Back to top button
error: