പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്.കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. വാതിലിന്റെ ചില്ല് കൊണ്ട് ജോര്‍ജിന്റെ വലതുകാലിലെ മുട്ടിന് താഴെ പരിക്കേറ്റു
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിലെത്തിയ ജോര്‍ജ് പണമെടുക്കുന്നതിനിടെ എടിഎം കൗണ്ടറിന്റെ വാതില്‍ തകര്‍ന്നുവീണത്. ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അതേസമയം മറ്റൊരു സംഭവം പണം എടുക്കുന്നതിനായി എടിഎമ്മില്‍ ഉപയോഗിച്ച കാര്‍ഡ് തിരികെ എടുക്കുന്നതിനിടെ മെഷീന് തകര്‍ന്നു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി ഉതിമൂട് സ്വദേശി ചാര്‍ളി രാവിലെ ഏഴ് മണിക്കാണ് പണമെടുക്കാനായി പട്ടണത്തിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലെത്തിയത്. പണം എടുക്കുന്നതിനിടെ കാര്‍ഡ് തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മെഷീന് തകര്‍ന്നത്.