കോട്ടയം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസിന് മുന്നില്‍ കൊടികുത്തിയ സംഭവത്തില്‍, ബസ് ഉടമയ്ക്ക് സി.ഐ.ടി.യു. നേതാവിന്റെ മര്‍ദനം. ഞായറാഴ്ച രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോഴായിരുന്നു ബസ് ഉടമ രാജ് മോഹനെ സി.ഐ.ടി.യു. നേതാവ് മര്‍ദിച്ചത്. പോലീസിന്റെ മുന്നില്‍വെച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. സ്ഥലത്ത് എത്തിയ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ അജയ്, രാജ് മോഹന്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രാജ് മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പോലീസുകാരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. രാജ് മോഹനെ കുമരകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച തൊഴില്‍ തര്‍ക്കതെത്തുടര്‍ന്ന് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു. കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍, രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇത് വെല്ലുവിളിച്ച് സി.ഐ.ടി.യു- സി.പി.എം. നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു. ഇവരെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങള്‍ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കില്‍ ബസ് എടുക്കെന്നായിരുന്നു നേതാക്കള്‍ വെല്ലുവിളിച്ചത്.