CrimeNEWS

ബൈക്കിന്റെ കള്ള ആര്‍.സി ബുക്കുണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു; ആര്‍.ടി. ഓഫീസ് ജീവനക്കാരും ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

മലപ്പുറം: ബൈക്കിന്റെ കള്ള ആര്‍.സി. ബുക്ക് ഉണ്ടാക്കിയ സംഭവത്തില്‍ മലപ്പുറം ആര്‍ടി ഓഫിസ് ജീവനക്കാരും ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍. ഒരു ബൈക്കിന്റെ ആര്‍.സി. ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചതിനാണ് അറസ്റ്റ്. ഒറിജിനല്‍ ആര്‍.സി ബുക്കില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ആര്‍സി ഇഷ്യു ചെയ്ത കേസില്‍ മലപ്പുറം ആര്‍ടി ഓഫിസിലെ സതീശ് ബാബു, ഗീത, മുന്‍ ജീവനക്കാരനായ അനിരുദ്ധന്‍ എന്നിവരെയും അരീക്കോട് മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമ ഉമ്മറിനെയുമാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സ്വദേശിയായ വാഹന ഉടമ അദ്ദേഹത്തിന്റെ ബൈക്കിന് ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒടിപി നമ്പര്‍ ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു വമ്പന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഒ.ടി.പി പോകുന്നതു മറ്റേതോ ഫോണ്‍ നമ്പറിലേക്കാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ആര്‍.സി. സംബന്ധിച്ച് സംശയമുയരുകയും ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി നല്‍കുകയുമായിരുന്നു.

Signature-ad

അന്വേഷണത്തില്‍ മലപ്പുറം സബ് ആര്‍.സി. ഓഫീസില്‍ ഇതേ നമ്പറില്‍ മറ്റൊരു ബൈക്ക് കൂടി ഉള്ളതായി കണ്ടെത്തി. ഈ വിവരം മലപ്പുറം ആര്‍.സി. ഓഫീസ് അധികൃതര്‍ക്ക് കൈമാറി. ഇതോടെ മലപ്പുറം ആര്‍.ടി.ഒ. പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതേ ഓഫീസിലെ തന്നെ ജീവനക്കാരാണ് പ്രതികളെന്ന് കണ്ടെത്തിയത്.

പ്രതികളില്‍ അനിരുദ്ധന്‍, സതീശ് ബാബു, ഉമ്മര്‍ എന്നിവരെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. ഗീതക്ക് ജാമ്യം അനുവദിച്ചു. ഇടനിലക്കാര്‍ വഴി ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ പണംതട്ടിയതായാണു സംശയം ഉയര്‍ന്നിട്ടുള്ളത്. പണം വാങ്ങി വ്യാജ രേഖയുണ്ടാ്ക്കി നല്‍കിയതാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

 

Back to top button
error: