NEWSWorld

ബുമറാങ്കായി പുടിന്റെ സ്വന്തം ‘രഹസ്യായുധം’; റഷ്യന്‍ സൈന്യത്തിനെതിരേ വാളെടുത്ത് വാഗ്‌നര്‍ ഗ്രൂപ്പ്

മോസ്‌കോ: റഷ്യന്‍ സേനയുടെ നേതൃസ്ഥാനം തകര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞയുമായി രാജ്യത്തെ സായുധ സംഘടന വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ഗെനി പ്രിഗോസിന്‍. പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെട്ടിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരേ തിരിഞ്ഞത് ആശങ്കയോടെയാണ് ഭരണകൂടം കാണുന്നത്. ഇതോടെ സൈനിക കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് റഷ്യയുടെ പലഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് തന്റെ ടെലിഗ്രാം ചാനലില്‍ അയച്ച സന്ദേശത്തിലാണ് പ്രിഗോസിന്‍ വ്യക്തമാക്കിയത്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായി മാസങ്ങളായി സ്വരചേര്‍ച്ചയിലല്ലാത്ത പ്രിഗോസിന്‍ വെള്ളിയാഴ്ച നടത്തിയ പ്രതികരണങ്ങള്‍ വരാനിരിക്കുന്ന പ്രതിസന്ധി നിറഞ്ഞ കാലങ്ങളുടെ സൂചന നല്‍കുന്നതാണ്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിഗോസിന്‍ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയും എടുത്തു. തങ്ങളുടെ സായുധസംഘത്തിനെതിരെ മിസൈല്‍ ആക്രമണം റഷ്യന്‍ സൈന്യം നടത്തിയെന്നും തിരിച്ചടിക്കുമെന്നായിരുന്നു പ്രിഗോസിന്റെ പ്രതിജ്ഞ. കൂടാതെ തങ്ങളുടെ സായുധ സംഘത്തിനൊപ്പം ചേരാനും രാജ്യത്തെ സൈനിക നേതൃത്വത്തെ ശിക്ഷിക്കാനും ജനങ്ങളോട് പ്രിഗോസിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റഷ്യ ആക്രമണം നടത്തിയെന്ന പ്രിഗോസിന്റെ വാദം പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

Signature-ad

പ്രിഗോസിന്റെ കലാപശ്രമങ്ങളെ അടിച്ചമര്‍ത്താനുള്ള റഷ്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ റിപ്പോര്‍ട്ട് തേടുന്നുണ്ട്. ആക്രമണങ്ങള്‍ നടത്താനായി സായുധസംഘം ശ്രമിക്കുന്നതായുള്ള വലിയ സൂചനകള്‍ ലഭിച്ചിട്ടില്ലെങ്കിലും ഹെലികോപ്ടര്‍ വെടിവച്ചിട്ടതായി പ്രിഗോസിന്‍ അവകാശവാദമുന്നയിച്ചു. ഇതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. തലസ്ഥാനത്തും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

2014ല്‍ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെയും ജനനം. ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പില്‍ ചേര്‍ന്നു. മുന്‍ സൈനികരെയാണു വാഗ്നര്‍ ഗ്രൂപ്പ് പൊതുവെ ലക്ഷ്യമിടുന്നത്. സിറിയയിലും ലിബിയയിലും ക്രൈമിയയിലുമൊക്കെ കടക്കെണിയിലായ പല മുന്‍ സൈനികരും ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. റഷ്യന്‍ ഭരണകൂടത്തിനു വലിയൊരു ആയുധമാണ് വാഗ്‌നര്‍ പടയാളികളെന്ന് നിരീക്ഷകര്‍ പറയുന്നു.

വാഗ്‌നര്‍ പടയാളികള്‍ എന്തെങ്കിലും യുദ്ധക്കുറ്റം ചെയ്താലും റഷ്യയ്ക്ക് ഒഴിയാന്‍ സാധിക്കും. വാഗ്‌നര്‍ ഗ്രൂപ്പിനുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ നല്‍കുന്നത് റഷ്യന്‍ ഇന്റലിജന്‍സാണെന്ന ആരോപണം ശക്തമായിരുന്നു. ദക്ഷിണ റഷ്യയിലെ മോല്‍ക്കിനോയിലാണ് ഇവരുടെ ട്രെയിനിങ് ബേസ്. റഷ്യന്‍ സേന തന്നെയാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നതെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍, റഷ്യ ഈ ആരോപണത്തെ എന്നും നിഷേധിച്ചിട്ടേയുള്ളൂ.

Back to top button
error: