IndiaNEWS

സിപിഎം പരാതിയില്‍ ബിജെപി നേതാവിന്റെ അറസ്റ്റ്; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

ചെന്നൈ: സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റിലായതില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെയാണ് തമിഴ്‌നാട് പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സിപിഎം എംപിയെ വിമര്‍ശിച്ചതിനെതിരേ സിപിഎം മധുര ജില്ലാ സെക്രട്ടറിയാണ് പോലീസിന് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇതിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്ന ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബിജെപി സംസ്ഥാന നേതൃത്വം അറസ്റ്റിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് വിമര്‍ശിച്ചു. ശുചീകരണ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിലാണ് നടപടി. എംപിക്കെതിരേ വ്യാജ പ്രചാരണം നടത്തിയത് മൂലമാണ് പരാതി നല്‍കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വിലക്കാണ് ഇതെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് വന്നു.

Signature-ad

ജൂണ്‍ ഏഴിനാണ് സൂര്യ ട്വീറ്റിട്ടത്. മധുരയില്‍ പെന്നാടം ടൗണ്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ശുചീകരണ തൊഴിലാളിയെ മനുഷ്യ വിസര്‍ജം നിറഞ്ഞ മാന്‍ഹോളിലേക്ക് സിപിഎം കൗണ്‍സിലര്‍ നിര്‍ബന്ധിച്ച് ഇറക്കിയെന്നും തൊഴിലാളി പിന്നീട് അണുബാധയേറ്റ് മരിച്ചെന്നും ഇക്കാര്യത്തില്‍ എംപി വെങ്കടേശന്‍ മൗനം പാലിക്കുന്നുവെന്നുമാണ് ബിജെപിയുടെ വിമര്‍ശനം. ഇത് ഇരട്ടത്താപ്പെന്നും സൂര്യ ട്വീറ്റില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി പരാതി നല്‍കിയത്. സൂര്യ പറഞ്ഞ പ്രദേശത്തൊന്നും സിപിഎമ്മിന് ഈ പേരില്‍ കൗണ്‍സിലര്‍ ഇല്ലെന്നാണ് പരാതിയില്‍ പറയുന്നത്.

Back to top button
error: