ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാര്‍ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്ന് രാവിലെ സിവില്‍ ലൈനിലാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷിനെതിരെ ബൈക്കുകള്‍ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ അദ്ദേഹം ഫുട്പാത്തിലേക്ക് കയറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
നിരവധി തവണ മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിന് പോയപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു. പല തവണ പ്രചാരണ റാലിയില്‍ കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കുകയാണ് പോലീസ്.