പത്തനംതിട്ട: തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്നയാള്‍ മോഷണ പരമ്പരകള്‍ക്കൊടുവില്‍ വീണ്ടും പിടിയില്‍. മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇയാള്‍ യാത്ര ചെയ്തത് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹെല്‍മെറ്റ് ധരിക്കാഞ്ഞതിന് പിഴ അടയ്ക്കാന്‍ ഉടമയ്ക്ക് നോട്ടീസ് ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂര്‍ക്കോണം ജൂബിലി ഭവനത്തില്‍ സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തത്.
ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുള്‍പ്പടെയുള്ളവ മോഷ്ടിച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞ 25-നാണ് ഇയാള്‍ മോചിതനായത്. 26-ന് വെമ്പായം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്ന് മോട്ടോര്‍ സൈക്കിളും 27-ന് അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാറും മോഷ്ടിച്ചു. 28-രാത്രിയില്‍ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാര്‍മസിസ്റ്റിന്റെ രണ്ടുപവന്‍വരുന്ന സ്വര്‍ണമാല കവര്‍ന്നു. ദൃശ്യങ്ങള്‍ സി.സി. ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചു. അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കല്‍ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി.
ഏപ്രില്‍ ആറിന് ഏറ്റുമാനൂരില്‍നിന്ന് മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട് റോഡില്‍ കെ.മാര്‍ട്ട് എന്ന കടയില്‍നിന്ന് 31,500 രൂപയും ഒരു സ്‌കൂട്ടറും മോഷ്ടിച്ചു. പിറ്റേന്ന് രാവിലെ പത്തേകാലോടെ തിരുവനന്തപുരത്ത് പാങ്ങോട് ഹെല്‍മെറ്റ് വെക്കാതെ ഇയാള്‍ ഈ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രം സഹിതം ഉടമയുടെ ഫോണില്‍ പിഴ അടയ്ക്കാന്‍ അറിയിപ്പെത്തിയതാണ് വഴിത്തിരിവായത്.
അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്നും സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നും പോലീസ് പറയുന്നു.