തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് യഷ്. കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി എക്കാലവും സിനിമ പ്രേമികള്‍ക്ക് യഷിനെ ഓര്‍ത്തിരിക്കാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കെജിഎഫ്: ചാപ്റ്റര്‍ 2 ന് ശേഷം തന്റെ അടുത്ത പ്രൊജക്റ്റില്‍ താരം ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇപ്പോഴിത നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിലേക്ക് യഷിനെ സമീപച്ചതായാണ് റിപ്പോര്‍ട്ട്. സിനിമയില്‍ രാവണനെ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ യഷിനെ സമീപിച്ചത്. എന്നാല്‍, ഈ വേഷം യഷ് നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
രണ്‍ബീര്‍ കപൂര്‍ രാമനായും ആലിയ ഭട്ട് സീതയായുമാണ് ചിത്രത്തിലെത്തുന്നത്. രാവണന്‍ ഒരു ശക്തനായ കഥാപാത്രമാണെങ്കിലും ആരാധകര്‍ക്ക് യഷ് ഒരു നെഗറ്റീവ് റോളില്‍ എത്തുന്നത് ഇഷ്ടമല്ല എന്നാണ് താരത്തിന്റെ ടീം പറയുന്നത്. എന്താണെങ്കിലും ഈ ഓഫര്‍ നിരസിച്ചത് നല്ല തീരുമാനമാണെന്നാണ് യഷിന്റെ ആരാധകര്‍ പറയുന്നത്. തന്റെ ആരാധകര്‍ക്ക് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ യഷ് വളരെ ശ്രദ്ധാലുവാണ്. ഇപ്പോള്‍, അവര്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഒരു നെഗറ്റീവ് റോളില്‍ സ്വീകരിക്കില്ല.
അതേസമയം, നിതീഷ് തിവാരിയും നിര്‍മ്മാതാക്കളും യഷും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് സായ് പല്ലവി സീതയെ അവതരിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളെത്തിയിരുന്നു. മഹേഷ് ബാബു, ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരെയും ചിത്രത്തിനായി സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കെജിഎഫ് 2 പുറത്തിറങ്ങിയതു മുതല്‍ യഷിന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
യഷ് 19 ന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും. കഴിഞ്ഞ വര്‍ഷമെത്തിയ കെജിഎഫ്: ചാപ്‌റ്റേഴ്‌സ് 2 എന്ന ചിത്രത്തിലാണ് യാഷ് അവസാനമായി അഭിനയിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 1000 കോടിയിലധികം നേടുകയും ചെയ്തു.