CrimeNEWS

പോലീസിനെ വട്ടം ചുറ്റിച്ച് പതിനേഴുകാരിയുടെ തിരക്കഥ; പ്രക്ഷോഭവുമായി നാട്ടുകാരും, ഒടുവില്‍ ചെമ്പ് പുറത്തായി

കൊച്ചി: മുനമ്പത്ത് 17 വയസുകാരിയുടെ സിനിമയെ വെല്ലുന്ന ഇന്‍സ്റ്റഗ്രാം കെട്ടുകഥ പോലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇല്ലാത്ത കാമുകന്റെ പേരില്‍ സ്വയം ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം ഐ.ഡി ഉപയോഗിച്ചായിരുന്നു പെണ്‍കുട്ടിയുടെ തിരക്കഥ.

നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസാണ് പോലീസിന്റെ മുന്നിലെത്തിയത്. ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം തന്നെ വായ് മൂടിക്കെട്ടി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കരണത്തടിച്ചെന്നും ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ച് മൊബൈലില്‍ ഷൂട്ട് ചെയ്ത് പെണ്‍കുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ഇന്‍സ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടില്‍ വന്ന് കത്തികൊണ്ട് ആക്രമിച്ചു. താന്‍ ഒച്ചയിട്ടപ്പോള്‍ മതില്‍ ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയിലുമായി.

Signature-ad

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഒരാള്‍ക്ക് എളുപ്പത്തില്‍ ചാടിക്കടക്കാന്‍ കഴിയുന്ന മതിലല്ലെന്ന് പ്രാഥമികമായി തന്നെ പോലീസ് വിലയിരുത്തി. ഇതിനിടയില്‍ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പോലീസിനെതിരേ പ്രാദേശിക പ്രക്ഷോഭവുമുണ്ടായി.

പോലീസിന്റെ ശാസ്ത്രീയ അന്വേഷണം എത്തിയത് പെണ്‍കുട്ടിയിലേക്ക് തന്നെയായിരുന്നു. അവര്‍ സ്വയം സൃഷ്ടിച്ച അക്കൗണ്ടായിരുന്നു ഇത്. തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും സ്വയമുണ്ടാക്കിയ കഥ. കത്തികൊണ്ട് മുറിവേല്‍പ്പിച്ചതും സ്വയം തന്നെ. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെണ്‍കുട്ടിയുടെ ശ്രമമായിരുന്നു ഇതെല്ലാമെന്നും പോലീസ് കണ്ടെത്തി.

Back to top button
error: