NEWSWorld

മെസ്സിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചൈനീസ് പോലീസ്; അരമണിക്കൂറിന് ശേഷം വിട്ടയച്ചു

ബെയ്ജിങ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചൈനീസ് പോലീസ്. ജൂണ്‍ 15 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പോലീസ് തടഞ്ഞത്. മെസ്സിയുടെ വീസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം. അര്‍ജന്റീന പാസ്‌പോര്‍ട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്‌പോര്‍ട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വീസയുമുണ്ടായിരുന്നില്ല.

ഇതോടെ സൂപ്പര്‍ താരത്തെ ചൈനീസ് പോലീസ് തടഞ്ഞു. അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷം മെസ്സിയെ വിമാനത്താവളം വിടാന്‍ അനുവദിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അര്‍ജന്റീന ടീമും ഇന്തോനീഷ്യയിലേക്കു പറക്കും. ജൂണ്‍ 19ന് ജക്കാര്‍ത്തയിലെ ഗെലോറ ബുങ് കര്‍ണോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് അര്‍ജന്റീന ഇന്തൊനീഷ്യ പോരാട്ടം.

Signature-ad

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസ്സി യുഎസ് മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമിയില്‍ ചേരാനിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മെസ്സി മയാമിക്കൊപ്പം പരിശീലനം തുടങ്ങുമെന്നാണു വിവരം. പിഎസ്ജിയിലെ മെസ്സിയുടെ അവസാന മത്സരത്തില്‍ താരത്തെ ആരാധകര്‍ കൂവിവിളിച്ച് അപമാനിച്ചിരുന്നു. സൗദി അറേബ്യയിലെ അല്‍ ഹിലാല്‍, സ്പാനിഷ് വമ്പന്‍മാരായ ബാര്‍സിലോന എന്നിവരുടെ ഓഫറുകള്‍ വേണ്ടെന്നു വച്ചാണ് മെസ്സി യുഎസിലേക്കു പോകുന്നത്.

Back to top button
error: