അയര്‍ലന്റ് മന്ത്രിയുടെ സെല്‍ഫി; കമന്റുകളുമായി മല്ലൂസ്, ‘എന്താല്ലേ’ന്ന് ഹണി റോസ്
ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ നടിയാണ് ഹണി റോസ്. നീണ്ടനാളത്തെ ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ഹണി, ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തിളങ്ങി. സിനിമയ്ക്ക് പുറമെ ഉദ്ഘാടന വേദികളില്‍ സ്ഥിരസാന്നിധ്യം ആണ് നടി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ചൊരു പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
View this post on Instagram
അടുത്തിടെ അയര്‍ലന്റില്‍ ആണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്. ഇതിന്റെ വീഡിയോകള്‍ വൈറല്‍ ആയിരുന്നു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെല്‍ഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ നിരവധി മലയാളികളാണ് കമന്റുകളുമായി എത്തിയത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ഹണി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
”നമ്മള് മലയാളികളുടെ ഒരു പവറേ.. ഹോ.. എന്താല്ലേ..”, എന്നാണ് സ്ക്രീന്‍ ഷോട്ടിനൊപ്പം ഹണി കുറിച്ചത്. പലരും സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗ് ഡയലോഗുകള്‍ ആണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ”കുറേ ലൈക്ക് ആയില്ലേ. ചെലവ് വേണം. സന്തോഷം ആയില്ലേ ജാക്ക് ചേട്ടാ, ദേ ചേച്ചി പിന്നേം, പിന്നല്ല മലയാളികള്‍ എവിടെ ചെന്നാലും പൊളിയല്ലേ”, -എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ആണ് ഹണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള സിനിമ.