IndiaNEWS

ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും പകരം ആര്? പ്രവര്‍ത്തക സമിതിയിലേക്ക് കരുനീക്കി നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കേരളത്തില്‍ നിന്നും ശക്തമായ പോരാട്ടം. പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിക്കാന്‍ കേരള നേതാക്കള്‍ ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രവര്‍ത്തകസമിതിയില്‍ സ്ഥാനം ഉറപ്പിച്ച നിലയിലാണ്. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തക സമിതി അംഗത്വം ഒഴിയും.

ഇവരുടെ ഒഴിവിലേക്ക് രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരാണ് രംഗത്തുള്ളത്. അനാരോഗ്യം കാരണമാണ് ആന്റണിയെയും ഉമ്മന്‍ചാണ്ടിയേയും ഒഴിവാക്കുന്നത്. ഇവരെ പ്രവര്‍ത്തകസമിതിയില്‍ പ്രവര്‍ത്തകസമിതിയില്‍ പ്രത്യേകം ക്ഷണിതാക്കളാക്കണമെന്ന നിര്‍ദേശം നേതൃത്വത്തിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ സോണിയയും രാഹുലുമായി ചര്‍ച്ച നടത്തിയശേഷം പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനമെടുക്കും.

Signature-ad

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഒഴിയും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ പേരുകള്‍ സംബന്ധിച്ച് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഏകദേശ ധാരണയുണ്ടാക്കിയതായി പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. വിദേശത്തുള്ള രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മടങ്ങിയെത്തിയ ശേഷം അവരുടെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം.

രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഖാര്‍ഗെയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഇരുവരും പ്രധാന നേതാക്കളാണെങ്കിലും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണ്. കെസി വേണുഗോപാല്‍ കൂടി വരുന്നതോടെ ഒരു സമുദായത്തിന് മാത്രം പ്രാതിനിധ്യം എന്ന അവസ്ഥ സംജാതമാകും. ഇത് കൊടിക്കുന്നില്‍ സുരേഷിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തകസമിതി രൂപീകരിക്കാത്തതിനാല്‍ സ്റ്റിയറിങ് കമ്മിറ്റിയാണ് ഇപ്പോള്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

Back to top button
error: