Health

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക, ഒരുപാട് ശാരീരിക- മാനസിക രോഗങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്!

   മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. ഒരിടത്ത് തന്നെ ദീര്‍ഘനേരം ഇരിക്കേണ്ടതുണ്ടോ…? ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ശീലം ഇക്കാലത്ത് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് നിരവധി അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശാരീരികമായും മാനസികമായും രോഗിയാക്കിയേക്കാം. ദീര്‍ഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗം, ഞരമ്പ് രോഗങ്ങള്‍, എല്ലുരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മാനസിക പ്രശ്‌നമുണ്ടാകാം

Signature-ad

ദീര്‍ഘനേരം ഇരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസിക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരം ആളുകളുടെ തലച്ചോറ് ഡിമെന്‍ഷ്യ രോഗികളെപ്പോലെയാകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് തലച്ചോറിന് അപകടകരമാണെന്ന് ഒരു പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. യു.സി.എൽ.എ (UCLA) ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ ശീലം തലച്ചോറിന്റെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഭാഗത്തെ ബാധിക്കുന്നു.

ഭാരം കൂടാം

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതോ ടിവി കാണുന്നതോ മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതോ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് വഴിവെക്കും.

പ്രമേഹം

പകല്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് പ്രമേഹ സാധ്യത കൂടും. ഇത് ശരീരഭാരം ഗണ്യമായി വര്‍ധിപ്പിക്കും. ദീര്‍ഘനേരം ഇരിക്കുന്നത് ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കുമെന്നും ഇത് പ്രമേഹം മാത്രമല്ല മറ്റ് പ്രശ്‌നങ്ങളും വര്‍ധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കാലുകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്നം ബാധിക്കാം

ഡീപ് വെയിന്‍ ത്രോംബോസിസ് (DVT) കാലുകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നമാണ്. ഇത് വളരെ ഗുരുതരമായേക്കാവുന്ന വസ്ഥയാണ്. ദീര്‍ഘനേരം ഇരിക്കുന്നത് കാലില്‍ വീക്കവും വേദനയും ഉണ്ടാക്കും. ഇത് രക്തചംക്രമണത്തെയും ബാധിക്കുന്നു. ഇതുവഴി ഡി വി ടിയുടെ ഇരയാകാനും സാധ്യതയുണ്ട്.

എങ്ങനെ പ്രതിരോധിക്കാം

ശരീരത്തെ കൂടുതല്‍ ചലിപ്പിക്കുക എന്നതാണ് പ്രധാനം. ഓരോ അരമണിക്കൂറോ മറ്റോ എഴുന്നേറ്റു നില്‍ക്കുക. കൈകൊണ്ട് കാല്‍വിരലുകള്‍ തൊടുക. ഓഫീസിന് ചുറ്റും  ചുറ്റിനടക്കുക. എത്ര തവണ നാം വ്യായാമം ചെയ്യുന്നു, എഴുന്നേറ്റു നടക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഏറെ ഗുണം ചെയ്യും.

Back to top button
error: