എല്ലാ വാര്‍ഡിലും നിന്നിട്ട് കാര്യമില്ല, ഒരു വാര്‍ഡിലേ നിന്നുള്ളെങ്കിലും അതില്‍ ജയിക്കുന്നത് പ്രധാനം ; 17 വാര്‍ഡുള്ള പഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒരേയൊരു വാര്‍ഡില്‍ മാത്രം

മലപ്പുറം: പതിനേഴ് വാര്‍ഡുകളുളള എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒറ്റ വാര്‍ഡില്‍ മാത്രം. ആറാം വാര്‍ഡായ പുന്നക്കല്‍ച്ചോലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുളളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്‍പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് ഒരു വാര്‍ഡിലേക്ക് ചുരുങ്ങി.
എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് പകരം മത്സരിക്കുന്നത് ഒരു വാര്‍ഡിലാണെങ്കിലും അവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിജയം നേടുക എന്നതാണ് ലക്ഷ്യമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ എടപ്പറ്റ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലും എന്‍ഡിഎ മുന്നണിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. ആഞ്ഞിലങ്ങാടി ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വീരാന്‍ അന്‍സാരിയും എടപ്പറ്റ ഡിവിഷനില്‍ സവിതാ ഉദയകുമാറുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ മുന്നണി വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ആരുമായും ധാരണയില്ലെന്നും ബിജെപി പാണ്ടിക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് വീരാന്‍ അന്‍സാരി പറഞ്ഞു. തങ്ങളുടെ നിലപാടുകളുമായി യോജിച്ചുപോകുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനാണ് തീരുമാനമെന്നും വീരാന്‍ വ്യക്തമാക്കി.






