ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്. ഇന്നലെ അഞ്ചുമണിക്കൂറിലേറെ പോലീസ് പ്രതിയെ ചോദ്യം ചെയ്തു.
നക്ഷത്രയുടേത് ആസൂത്രിക കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മൂന്നുപേരെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെന്നും പോലീസ് സൂചിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് നിഗമനം. ഇയാളുടെ സ്വഭാവദൂഷ്യമാണ് പോലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ പ്രതി ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാള്‍ കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍നിന്നു മഴു കണ്ടെടുത്തിരുന്നു.
അതിനിടെ, ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജയിലില്‍ വെച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കൈയ്ക്കും പരിക്കുണ്ട്. കൊല്ലപ്പെട്ട നക്ഷത്രയുടെ വിദേശത്തുള്ള അമ്മാവന്‍ കൂടി എത്തിയശേഷം മൃതദേഹം സംസ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ വീടായ പത്തിയൂരിലാണ് മൃതദേഹം ഉള്ളത്.