പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയേയും ഇയാള്‍ക്ക് ഒത്താശ ചെയ്ത അച്ഛനെയും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ ആര്യങ്കാവ് ഗിരിജന്‍ കോളനിയില്‍ പ്രകാശ്(18), അച്ഛന് തെങ്കാശി കടയം ധര്‍മപുരി സ്വദേശി ഗണേശന്(44) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെണ്‍കുട്ടിയും പ്രതിയും കഴിഞ്ഞത്.
പോലീസ് പറയുന്നതിങ്ങനെ: മേയ് 31-ന് രാവിലെയാണ് 17-കാരിയെ വീട്ടില്‍ നിന്നും കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ, ഗണേശന് താമസിക്കുന്ന തെങ്കാശി കടയം ധര്‍മപുരി ചമ്പന്‍കുളം കടത്തറ കാടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പെണ്‍കുട്ടി ഉള്ളതായി മനസ്സിലാക്കി. എസ്.ഐ. സായ്സേനന്റെ നേതൃത്വത്തിലുള്ള പോലീസ് അവിടെ എത്തി. രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളില്‍ കണ്ടെത്തി. എന്നാല്‍, യുവാവ് ഓടി രക്ഷപ്പെട്ടു.
പെണ്‍കുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയില്‍ കുട്ടിയുടെ മൊഴിയെടുത്തു. പിന്നീട് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി.സ്കറിയയുടെ നേതൃത്വത്തില്‍ ഗണേശനെ കടത്തറ കാടിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡില്‍നിന്നും പിടികൂടി. ആര്യങ്കാവ് ഗിരിജന്‍ കോളനിയിലെ വീട്ടില്‍നിന്നാണ് പ്രകാശിനെ പിടികൂടിയത്. ഗണേശന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളുമായി പിണങ്ങി പിരിഞ്ഞുപോയതാണ്. പ്രകാശ് അമ്മവീടായ ആര്യങ്കാവ് ഗിരിജന്‍ കോളനിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.