ന്യൂഡല്‍ഹി: റെസ്ലേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ തലവന്‍ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരേ നല്‍കിയത് വ്യാജ പീഡനപരാതിയെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ്. 2022-ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇടംനേടാന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ വൈരാഗ്യത്തിന്റെ പുറത്താണ് ബ്രിജ് ഭൂഷനെതിരേ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു പേരായിരുന്നു ബ്രിജ് ഭൂഷനെതിരേ പീഡന പരാതി നല്‍കിയിരുന്നത്.
2022-ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ട്രയല്‍സില്‍ ഈ പെണ്‍കുട്ടി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞില്ല. ഡല്‍ഹി സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയോട് ആയിരുന്നു പരാജയപ്പെട്ടിരുന്നത്. റഫറി എടുത്ത തീരുമാനങ്ങളാണ് പെണ്‍കുട്ടി പരാജയപ്പെടാന്‍ കാരണമെന്നും ഫെഡറേഷന് ആണ് റഫറിയെ നിയമിച്ചത് എന്നതിനാലുമാണ് ബ്രിജ് ഭൂഷനെതിരേ വ്യാജ പീഡന പരാതി നല്‍കിയത് എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ പറയുന്നത്.
കോടതിയിലെത്തുന്നതിന് മുന്‍പ് സത്യം ആളുകള്‍ അറിയണം എന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.