CrimeNEWS

അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം: കോളേജിൻറെ പ്രവർത്തനം തടസപെടുത്തുന്നു, പൊലീസ് സംരക്ഷണം തേടി കോളേജ്

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം നടന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി. കോളേജ് അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹർജി. കോളേജിൻറെ പ്രവർത്തനം തടസപെടുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നത്.

അതിനിടെ, ആത്മഹത്യ ചെയ്ത ശ്രദ്ധ എന്ന വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാൽ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും കത്തിൽ ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേൾവി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോൾ പൊലീസ് പറയുന്നതിൽ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്പസിലെ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ടെത്തിയത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്പ് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് അതെന്നും കുടുംബം പറഞ്ഞു.

Signature-ad

ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ ശ്രദ്ധ സതീഷ് എന്ന രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ക്യാമ്പസിൽ ഉണ്ടായി. വിദ്യാർത്ഥി സമരത്തെ തുടർന്ന് കേസിൻറെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് ശ്രദ്ധ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു എന്ന കാര്യം പൊലീസ് വ്യക്തമാക്കുന്നത്. ഞാൻ പോകുന്നു എന്നു മാത്രമാണ് കത്തിൽ എഴുതിയിരുന്നതെന്നും ആത്മഹത്യയുടെ കാരണത്തിലേക്ക് വിരൽചൂണ്ടുന്ന സൂചനകളൊന്നും കത്തിൽ ഉണ്ടായിരുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കോട്ടയം എസ്പി കെ കാർത്തിക് വെളിപ്പെടുത്തി.

എന്നാൽ ആത്മഹത്യയ്ക്ക് ശേഷം ഇതുവരെയായും ഇത്തരമൊരു കത്തിനെ പറ്റി പൊലീസോ മാനേജ്മെൻറോ പറഞ്ഞിരുന്നില്ലെന്ന് അമൽ ജ്യോതി കോളജിലെ ശ്രദ്ധയുടെ സഹപാഠികൾ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കത്തിനെ പറ്റിയുളള വിവരങ്ങൾ പുറത്തുവന്നതിനെ സംശയത്തോടെയാണ് വിദ്യാർത്ഥികൾ കാണുന്നതും. ആത്മഹത്യയുടെ കാരണങ്ങൾ എഴുതാതെയാണ് ശ്രദ്ധ കത്ത് എഴുതിയിരുന്നത് എന്ന വെളിപ്പെടുത്തൽ മാനേജ്മെൻറിനെ രക്ഷിക്കാനാണോ എന്ന സംശയവും വിദ്യാർഥികൾ പങ്കുവച്ചു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കത്തിലെ വിവരങ്ങളടക്കം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ക്യാമ്പസിൽ സർവകലാശാല നിയമങ്ങളുടെ ലംഘനം നടക്കുന്നുണ്ടെന്ന നിഗമനവുമായി കേരള സാങ്കേതിക സർവകലാശാല നിയമിച്ച രണ്ടംഗ സമിതി റിപ്പോർട്ടും സമർപ്പിച്ചു.

Back to top button
error: