KeralaNEWS

കെ – ഫോൺ പദ്ധതിയിൽ അക്കൗണ്ടന്‍റ് ജനറലി​ന്റെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നത്, കമ്പനികൾക്ക് അധികമായി നൽകിയ തുക തിരിച്ചുപിടിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ – ഫോൺ പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ അക്കൗണ്ടൻറ് ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനികൾക്ക് അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ.ജി.യുടെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ – ഫോൺ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തൽ. കേബിളിൻറെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്ന കണ്ടെത്തലും ഗൗരവതരമാണ്.കേബിളിൻറെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് നേരത്തെതന്നെ സംശയമുണ്ടായിരുന്നു എന്നാൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻ്റെ അനാവശ്യ ഇടപെടലുകളാണ് ടെൻഡർ വ്യവസ്ഥ ലംഘിച്ച് 50 ശതമാനം കൂട്ടി നൽകിയത്. ഇതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച പിണറായിക്കുളള മറുപടിയാണ് എ ജിയുടെ കണ്ടെത്തൽ.സർക്കാർ നൽകിയ അധികതുക കമ്പനികളിൽ നിന്ന് തന്നെ ഈടാക്കണം നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിച്ചതെങ്കിൽ അതിൻ്റെ തുകയും അവരിൽ നിന്ന് ഈടാക്കുകയും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം. പദ്ധതിക്ക് തുക കൂട്ടി നൽകണമെന്ന് കത്തയയ്ക്കുകയും വഴിവിട്ട് ഇടപെടുകയും ചെയ്ത ശിവശങ്കറിനെതിരെ ശക്തമായ നടപടി ഉണ്ടാകണം.മറ്റു കൊള്ളകൾപോലെ വൻതട്ടിപ്പിന് വേണ്ടി രൂപകല്പന ചെയ്തതാണ് കെ-ഫോൺ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

1500 കോടി ചെലവിൽ സംസ്ഥാനത്ത് 52,746 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖല ഉണ്ടാക്കി കുറഞ്ഞ ചെലവിൽ പാവങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം നൽകുമെന്ന സുന്ദരവാഗ്ദാനത്തിന് പിന്നിൽ വൻ കൊള്ളയാണ് ലക്ഷ്യം. യഥാർത്ഥത്തിൽ കമ്പനികളുടെ വഴിവിട്ട കച്ചവടത്തിന് സർക്കാർ ചെലവിൽ പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പ്രധാന ലക്ഷ്യം കമ്മീഷൻ തന്നെയാണ്. ശിവശങ്കർ തന്നെയാണ് ഇതിൻറേയും ശില്പി. 1028 കോടിയുടെ എസ്റ്റിമേറ്റിട്ട പദ്ധതിക്ക് 58.5 ശതമാനം തുക കൂട്ടി നൽകിയതിലെ കള്ളക്കളി എ.ജി കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Back to top button
error: