IndiaNEWS

മധ്യപ്രദേശ് പിടിക്കാന്‍ അടവ് പതിനെട്ടും പയറ്റി കോണ്‍ഗ്രസ്; തീവ്രഹിന്ദുത്വ സംഘടനയെ പാര്‍ട്ടിയിലെടുത്തു

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മദ്ധ്യപ്രദേശില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചു. ആര്‍എസ്എസ്- ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതാവും ബജ്റംഗ് സേന കണ്‍വീനറുമായ രഘുനന്ദന്‍ ശര്‍മ തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ബജ്റംഗ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് പിന്നിലെന്നാണ് വിവരം. ലയന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബജ്റംഗ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികള്‍ക്കുമൊപ്പം ദീപക് ജോഷിയും പങ്കെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാര്‍ട്ടി വിട്ടത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് ബജ്‌റംഗ് സേനയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്.

Signature-ad

ബജ്റംഗ് സേനയുടെ സമാന സ്വഭാവമുള്ള സംഘടനയായ ബജ്‌റംഗ് ദളിനെ കര്‍ണാടകയില്‍ നിരോധിക്കാന്‍ മടിക്കില്ലെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ലയനം സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ വന്‍ വിഷയമാക്കി ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ശ്രമിച്ചിരുന്നു. ഇത് വലിയ തോതില്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.

Back to top button
error: