
കൊച്ചി: പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍, റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.
മാര്‍ച്ചിലാണ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്നത്. ആര്‍ഷോയുടെ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ‘പൂജ്യം’ മാര്‍ക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തുന്നു.
എസ്എഫ്ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സ്വയംഭരണ കോളജാണ് മഹാരാജാസെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍, എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ്വേയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്ന് മന്ത്രി ആര് ബിന്ദു പ്രതികരിച്ചു.






