Breaking NewsIndiaKeralaLead NewsNEWS

രണ്ടുപതിറ്റാണ്ടിലേറെയായി സൗദി ജയിലിൽ കഴിയുന്ന കഴിയുന്ന ശിക്ഷാകാലാവധി അവസാനിക്കുന്നു; മോചനവാർത്തയ്ക്കായി കാതോർത്ത് കുടുംബവും നാടും

രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷയുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. മേയ് മൂന്നാംവാരത്തോടെ ശിക്ഷാകാലാവധി അവസാനിക്കുമെന്നാണ് വിവരം. ഇതോടെ ജയിൽമോചനത്തിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന സൂചനകളാണ് റിയാദിൽനിന്ന് ലഭിക്കുന്നത്.

രണ്ടായിരത്തി ആറിലാണു ഡ്രൈവർ ജോലിക്കായി അബ്ദുൽറഹീം സൗദിയിലെത്തിയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. മനഃപൂർവമല്ലാത്ത അപകടമാണെന്ന് പിന്നീട് വ്യക്തമായെങ്കിലും വധശിക്ഷയാണ് ആദ്യം വിധിക്കപ്പെട്ടത്. എന്നാൽ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്ത സമാഹരിച്ച മുപ്പത്തിനാല് കോടി രൂപ ദയാധനമായി നൽകിയതോടെയാണ് വധശിക്ഷ ഒഴിവായത്.തുടർന്ന് റിയാദിലെ ക്രിമിനൽ കോടതി സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്നായിരുന്നു വിധിച്ചത്. ആ ശിക്ഷയുടെ കാലാവധിയാണ് ഇപ്പോൾ അവസാനിക്കാനിരിക്കുന്നത്.

Signature-ad

ഹിജ്റ കലണ്ടർ പ്രകാരം ദുൽഹജ്ജ് മൂന്നിനാണ് ശിക്ഷാകാലാവധി അവസാനിക്കുക. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അത് മേയ് ഇരുപതോ ഇരുപത്തിയൊന്നോ ആയിരിക്കും. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് കോടതിയിൽനിന്ന് ഉടൻ പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് നിയമസഹായ സമിതി പ്രവർത്തകർ. എന്നാൽ സൗദിയിലെ ബലിപെരുന്നാൾ അവധികൾ മൂലം നടപടിക്രമങ്ങളിൽ ചെറിയ താമസം ഉണ്ടാകാനിടയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷം അബ്ദുൽറഹീം നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കോടമ്പുഴയിലെ കുടുംബം. പ്രാർഥനയോടെയും പ്രതീക്ഷയോടെയും ദിവസങ്ങൾ എണ്ണിക്കഴിയുകയാണ് ഉറ്റവരും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: