Breaking NewsIndiaLead NewsNEWS

നീറ്റ് പരീക്ഷകളിൽ തുടർച്ചയായി ചോദ്യപ്പേപ്പർ ചോരുന്നു, പരീക്ഷകൾ റദ്ദാക്കുന്നു!! പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം- കേന്ദ്രത്തോട് ആവശ്യപ്പെട്ട് വിജയ്

ചെന്നൈ: നീറ്റ് പരീക്ഷകളിൽ നടക്കുന്ന ക്രമക്കേടും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നീറ്റിന് പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ ഓരോ സംസ്ഥാനങ്ങളേയും അനുവദിക്കണമെന്ന് വിജയ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ പുറത്തുവന്ന ചോദ്യപ്പേപ്പർ ചോർച്ചയോടെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നതായും ദേശീയതലത്തിൽ ഇത്തരം പരീക്ഷകൾ നടത്തുന്നതിലെ ഘടനാപരമായ പിഴവുകൾക്ക് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹിക മാധ്യമംവഴി പറഞ്ഞു.

കണക്കുകളെടുത്തു നോക്കിയാൽ 2024-ൽ ആറ് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സിബിഐ അന്വേഷണം നടക്കുകയും മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കാരങ്ങൾക്കായി 95 നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ ശുപാർശകൾ വന്ന് രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. അന്നും പരീക്ഷ റദ്ദാക്കേണ്ടി വന്നതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നത്. നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കുംമാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

അതേസമയം നീറ്റ് പരീക്ഷയുടെ തുടക്കം മുതൽക്കേ തമിഴ്‌നാട് ഇതിനെ ശക്തമായി എതിർത്തുപോരുകയാണ്. ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർഥികൾക്കും ഈ പരീക്ഷ വലിയ തിരിച്ചടിയാണെന്ന് സംസ്ഥാനം വാദിക്കുന്നു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി നടത്താൻ നിയമപരമായ അനുമതി നൽകണമെന്നാണ് തമിഴ്‌നാട് അവശ്യപ്പെ‌ടുന്നത്.

മാത്രമല്ല നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്‌നാടിന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകാത്തതിനെതിരേ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: