CrimeNEWS

കാനഡയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലെ വിരോധം, ലിന്‍സിയെ ചവിട്ടി വീഴ്ത്തി; വീട്ടുകാരോട് പറഞ്ഞത് കുളിമുറിയില്‍ വീണതെന്ന്

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്. രണ്ടു ദിവസം മുന്‍പാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിന്‍സിയെ (26) ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ ലിന്‍സിയെ അബോധാവസ്ഥയില്‍ മാതാപിതാക്കള്‍ കണ്ടെത്തിയത്. ജെസ്സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട്ടു നിന്നെത്തിയ ലിന്‍സിയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് യുവതിയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ എളമക്കര പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

പോലീസ് പറയുന്നത്: കുറച്ചു ദിവസങ്ങളായി ജെസ്സിലും ലിന്‍സിയും ഹോട്ടലില്‍ താമസിച്ചു വരുകയായിരിന്നു. ജെസ്സിലിനെ കാനഡയില്‍ കൊണ്ടുപോകാമെന്നും കടബാധ്യതകള്‍ തീര്‍ത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിനു പിന്നില്‍. വൈരാഗ്യംമൂലം ജെസ്സില്‍ ലിന്‍സിയുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചവിട്ടി താഴെ വീഴ്ത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ലിന്‍സി അബോധാവസ്ഥയിലായി. തുടര്‍ന്ന് ജെസ്സില്‍ ലിന്‍സിയുടെ വീട്ടുകാരെ വിളിച്ച് ലിന്‍സി ബാത്‌റൂമില്‍ വീണുവെന്നും ബോധമില്ലെന്നും അറിയിച്ചു.

മാതാപിതാക്കള്‍ ഹോട്ടലിലെത്തിയപ്പോള്‍ യുവതി വീണുകിടക്കുന്നതാണ് കണ്ടത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് എളമക്കര എസ്.എച്ച്.ഒ. സനീഷ് വ്യക്തമാക്കി. ഒളിവില്‍ പോയ ജെസ്സിലിനെ പോലീസ് പിടികൂടുകയായിരുന്നു. ഗ്രേസിയാണ് ലിന്‍സിയുടെ അമ്മ. സഹോദരി: പ്രിന്‍സി. സംസ്‌കാരം ചൊവ്വാഴ്ച 9-ന് സെയ്ന്റ് റാഫേല്‍സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: