തൃശൂര്‍: ഒരാഴ്ച മുന്‍പ് ലോറിക്കു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്, തൃശൂര്‍ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നില്‍ നടന്‍ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം സംഭവിച്ചിരിക്കുന്നത്. അന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചിരുന്നു.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാന്‍. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ സുധി വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.
അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്വൈഎസ്, സാന്ത്വനം, ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോള്‍ സുധി അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരുക്ക് മരണത്തിനു കാരണമായെന്നാണ് പ്രാഥമിക നിഗമനം.
വടകരയില്‍നിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സുധിയും സംഘവും ഇന്നലെ വടകരയിലെത്തിയത്. രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂര്‍ത്തിയായത്. തുടര്‍ന്ന് രാത്രി തന്നെ അവിടെനിന്ന് മടങ്ങുകയായിരുന്നു. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.