CrimeNEWS

പുനലൂരിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരിച്ചു

കൊല്ലം: പുനലൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി പ്രവർത്തകൻ മരിച്ചു. പുനലൂർ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിൻ, സജികുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തും. ലൈബ്രറി ആഘോഷത്തെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തർക്കത്തിനിടെ വിജു എന്ന വ്യക്തി വാർഡ് കൗൺസിലറെ മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ കൗൺസിലറും സുഹൃത്തുക്കളും പിന്നീട് വിജുവിനെ മർദ്ദിക്കാനായി സംഘം ചേർന്ന് പോവുകയായിരുന്നു. വിജുവും സന്തോഷും മദ്യപിച്ചിരിക്കെയാണ് കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അടുത്തേക്ക് എത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ സന്തോഷിന് കുത്തേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാർഡിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: