സ്വയം പര്യാപ്തത കേവലസാങ്കല്പം മാത്രം, ഒന്നും ആർക്കും സ്വന്തമല്ലെന്നു തിരിച്ചറിയുക
വെളിച്ചം
‘തനിക്ക് ധാരാളം മന്ത്രവിദ്യകള്‍ അറിയാം, താന്‍ വലിയവനാണ്. തനിക്ക് എന്തും സൃഷ്ടിക്കാന്‍ സാധിക്കും.’ ഇതായിരുന്നു അയാളുടെ പ്രഖ്യാപനം. ഇത് കേട്ട് ഒരിക്കല്‍ ദൈവം അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ ദൈവത്തോട് പറഞ്ഞു:
“ഇനി താങ്കളുടെ ആവശ്യമില്ല. താങ്കള്‍ മുന്‍പ് ആദിയില്‍ ചെയ്തകാര്യം എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കും. നീ മണ്ണുകുഴച്ച് ശ്വാസമൂതിയല്ലേ മനുഷ്യനെ സൃഷ്ടിച്ചത്. എനിക്കും അതറിയാം.”
“ശരി, ആ വിദ്യ കാണിച്ചുതരുമോ…?”
ദൈവം ചോദിച്ചു.
അയാള്‍ ദൈവത്തെയും കൂട്ടി ഒരു പാടത്തെത്തി. ചെളികുഴച്ച് മനുഷ്യരൂപമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവം പറഞ്ഞു:
“ഞാനുണ്ടാക്കിയ മണ്ണ് നീ എടുക്കരുത്. നീ തന്നെയുണ്ടാക്കിയ മണ്ണ് വേണം എടുക്കാന്‍…”
ഇത് കേട്ട് അയാള്‍ തോല്‍വി സമ്മതിച്ച് തലകുനിച്ചു.
മറ്റുള്ളവരെ തോല്‍പ്പിക്കാൻ ഇറങ്ങുന്നവരെല്ലാം മറക്കുന്ന ചില സത്യങ്ങളുണ്ട്. ആരും ആരുടേയും സഹായമില്ലാതെയല്ല വളര്‍ന്നത്. ആരാണ് വലുത്, ആര്‍ക്കാണ് മികവ് കൂടുതല്‍ തുങ്ങിയ അനാരോഗ്യ ചിന്തകളിലൂടെ വളരുന്നവര്‍ക്ക് എപ്പോഴും ആരെയെങ്കിലും തോല്‍പ്പിച്ചുകൊണ്ടിരിക്കണം. അതിലൂടെ ലഭിക്കുന്ന മനഃസുഖത്തെ മാത്രമാണ് അവര്‍ വിജയമായി തിരഞ്ഞെടുക്കുക. സ്വയം പര്യാപ്തത ഒരു സാങ്കല്പികത മാത്രമാണ്.
സ്വന്തമാകുന്നതൊന്നും സ്വന്തമല്ല. പണമുള്ളതുകൊണ്ടോ, കഴിവുള്ളതുകൊണ്ടോ മാത്രം വന്നുചേരുന്നു എന്നേയുള്ളൂ. ആര്‍ക്കും അവകാശം പറയാനില്ലാത്ത വായുവും വെളളവും ഉപയോഗിച്ചാണ് നമ്മള്‍ ജീവന്‍ പോലും നിലനിര്‍ത്തുന്നത്. പരസ്പരബഹുമാനത്തോടെ നിലനില്‍ക്കുക എന്നതാണ് ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടാനുളള മാര്‍ഗ്ഗം. ആരും അനിവാര്യരല്ല.. ആരെയും ഒഴിവാക്കാനുമാകില്ല. ..
നമുക്ക് പരസ്പരം മാനിക്കാം…
ശുഭദിനം ആശംസിക്കുന്നു
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ