NEWSPravasi

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയുടെ ഭാഗ്യം മലയാളി വനിതയ്ക്ക്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടിയുടെ ഭാഗ്യവും മലയാളിക്ക് ഒപ്പം. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ലൗസിമോൾ അച്ചാമ്മ രണ്ട് കോടി ദിർഹത്തിന്റെ (40 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനത്തിന് അർഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ലൗസിയെ തേടിയെത്തിയത്.

സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയിൽ നിന്ന് സംഘാടകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു ലൗസി. ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിന് വഴിമാറി. സംസാരിക്കാൻ പോലുമാവാതെ ഇടറിയ ശബ്‍ദത്തിൽ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു.

ഇന്ന് നടന്ന നറുക്കെടുപ്പിലെ ആകെ എട്ട് സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികൾക്ക് തന്നെയായിരുന്നു. 216693 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരൻ അലക്സ് കുരുവിളയാണ് ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്. ഓൺലൈനായി 315043 എന്ന നമ്പറിലുള്ള ടിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു ഇന്ത്യക്കാരൻ നജീബ് അബ്‍ദുല്ല അമ്പലത്ത് വീട്ടിൽ 70,000 ദിർഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി. ബംഗ്ലാദേശുകാരിയായ യാസ്‍മിൻ അക്തറിനാണ് 60,000 ദിർഹത്തിന്റെ നാലാം സമ്മാനം. ഓൺലൈനിലൂടെ എടുത്ത 047350 എന്ന ടിക്കറ്റാണ് അവരെ വിജയിയാക്കിയത്.

മലയാളിയായ ഫിറോസ് പുതിയകോവിലകം 50,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അർഹനായി. ഓൺലൈനായി എടുത്ത 147979 എന്ന ടിക്കറ്റിലൂടെയാണ് ഫിറോസിനെ ഭാഗ്യം തേടിയെത്തിയത്. തുർക്കി പൗരൻ എൻഗിൻ ഡിസ്‍ലേക് 166879 എന്ന ടിക്കറ്റിലൂടെ 30,000 ദിർഹത്തിന്റെ ആറാം സമ്മാനം നേടിയപ്പോൾ ഇന്ത്യക്കാരാനായ റിതീഷ് മാലികിന് 217939 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ 20,000 ദിർഹത്തിന്റെ ഏഴാം സമ്മാനം ലഭിച്ചു. 20,000 ദിർഹത്തിന്റെ തന്നെ എട്ടാം സമ്മാനം ദിലോചൻ ഗദേരി ബേദിഹർ എന്ന നേപ്പാൾ പൗരനാണ്. 058262 എന്നതായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ.

ഇന്ന് നേത്തെ നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരിസ് നറുക്കെടുപ്പിൽ പാകിസ്ഥാൻ പൗരനായ യാസിർ ഹുസൈനാണ് വിജയിച്ചത്. 025003 എന്നതായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ. റേഞ്ച് റോവർ കാറാണ് അദ്ദേഹത്തിന് സ്വന്തമാവുന്നത്. ജൂൺ മാസത്തിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ ഉൾപ്പെടുന്ന ജൂലൈ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒന്നരക്കോടി ദിർഹമാണ്. ഒരു ലക്ഷം ദിർഹം മുതൽ 20,000 ദിർഹം വരെ നീണ്ടുനിൽക്കുന്ന എട്ട് സമ്മാനങ്ങളുമുണ്ട്.

Back to top button
error: