മലപ്പുറം: ഹോട്ടല്‍ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ഇന്നലെ വൈകുന്നേരമാണ് മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യഹര്‍ജി തള്ളി കോടതി. തിരൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കെ കെ ലെനിന്‍ദാസ് രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു. അതോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സംഭവങ്ങളില്‍ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാല്‍ കേസ് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് സൂചന. കസബ പോലീസായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുകയെന്നാണ് അറിയുന്നത്. തിരൂര്‍ പോലീസിന്റെ അധികാര പരിധിയില്‍ നില്ക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികള്‍ക്കായി ഹാജരായ അഡ്വ. ബി എ ആളൂര്‍ രംഗത്തെത്തിയിരുന്നു.
ഉച്ചയ്ക്കാണ് പ്രതികളെ തിരൂര്‍ പോലീസ് കോടതിയില്‍ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്ട്രേറ്റ് ചേംബറില്‍ കേസ് പരിഗണിച്ചത്. തുടര്‍ന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് പ്രതികളേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടി മുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പടെ പോലീസ് തെളിവെടുപ്പില്‍ കണ്ടെത്തി. കൊല നടത്തിയ രീതി പ്രതികള്‍ പോലീസിന് മുന്നില്‍ വിവരിച്ചിരുന്നു.