LIFEMovie

മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘ലക്ഷ്‌മണരേഖ’യ്ക്ക് ഇന്ന് 39 വർഷത്തി​ന്റെ പഴക്കം

സിനിമ ഓർമ്മ

♦ സുനിൽ കെ ചെറിയാൻ

ഐവി ശശിയുടെ ‘ലക്ഷ്‌മണരേഖ’യ്ക്ക് 39 വർഷം പഴക്കമായി. മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 1984 ജൂൺ ഒന്നാം തീയതിയാണ് റിലീസ് ചെയ്‌തത്‌. രചന പി.വി കുര്യാക്കോസ്. ശശിയുടെ ആദ്യചിത്രം (ഉത്സവം) നിർമ്മിച്ച രാമചന്ദ്രനാണ് ‘ലക്ഷ്‌മണരേഖ’ നിർമ്മിച്ചത്. അപകടത്തിൽപ്പെട്ട് നിശ്ചലനായി കഴിയുന്ന ചേട്ടന്റെ ഭാര്യയ്ക്ക് ജീവിതം നൽകുന്ന അനുജനായി മോഹൻലാൽ വേഷമിട്ടു.

സ്വപ്‌നങ്ങളിൽ സർപ്പമിഴയുന്ന ചേട്ടത്തിയമ്മയുടെ (സീമ) വിട്ടുമാറാത്ത തലവേദനയാണ് ആ കുടുംബവൃത്തത്തിലെ ഒരു പ്രശ്‍നം. പൂർത്തീകരിക്കപ്പെടാത്ത ശരീരതൃഷ്‌ണ തലവേദനയുടെ രൂപത്തിൽ വന്നതാണ്. ശാപമോക്ഷം കാത്ത് ശിലയായി കിടന്ന അഹല്യയോടാണ് നായികയെ ഉപമിക്കുന്നത്. അനുജൻ ‘കളഞ്ഞുപോയ മാനസം കണ്ടെടുത്ത് വീണയാക്കി മീട്ടി’.

ചേട്ടത്തിയമ്മ ലക്ഷ്‌മണരേഖ മുറിച്ച് കടന്ന് ഗർഭിണിയായി. വീട്ടിൽ പ്രശ്‍നം. അനിയനും ചേട്ടത്തിയും തമ്മിലുള്ള വിവാഹമാണ് പരിഹാരം. പക്ഷെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ എങ്ങനെ മറ്റൊരാളുടെ ഭാര്യയാകും? വിവരമറിഞ്ഞ ചേട്ടന് (മമ്മൂട്ടി) സംസാരശേഷി കൂടി നഷ്ടപ്പെട്ടു. ആരോ കൊടുത്ത ഉറക്കഗുളികകൾ കഴിച്ച് ചേട്ടൻ മരിച്ചു. ആരാണ് ആ ‘ദയാവധം’ ചെയ്‌തത്‌? അത് അച്ഛനാണ് (ഉമ്മർ).

ബിച്ചു- എ റ്റി ഉമ്മർ ടീമിന്റെ പാട്ടുകളിൽ ‘മനസിന്റെ മഞ്ചലിൽ തനിയെ’, ‘എന്നോ എങ്ങെങ്ങോ എന്റെ മാനസം കളഞ്ഞു പോയി’ ഹിറ്റായി. മറ്റ് രണ്ട് പാട്ടുകൾ കൂടിയുണ്ടായിരുന്നു. രചന നിർവ്വഹിച്ച പിവി കുര്യാക്കോസ് പിന്നീട് എഴുതിയ കഥയാണ് ജേസി സംവിധാനം ചെയ്‌ത ‘അടുക്കാനെന്തെളുപ്പം’.

Back to top button
error: