KeralaNEWS

സിദ്ദിഖിന്റെ പണം ഉപയോഗിച്ചു തന്നെ മൃതദേഹം തുണ്ടംതുണ്ടമാക്കി; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ പ്രതികൾ

മലപ്പുറം: തിരൂര്‍ ഏഴൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കോഴിക്കോട്ട് ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട മേയ് 18-നുതന്നെ ഇദ്ദേഹത്തിന്റെ എ.ടി.എം.കാര്‍ഡ് ഉപയോഗിച്ച്‌ മുഖ്യപ്രതി ഷിബിലി കോഴിക്കോട് ടൗണിലെ എ.ടി.എമ്മില്‍നിന്ന് 20,000 രൂപ പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഈ പണം ഉപയോഗിച്ചാണ് മൃതദേഹം തുണ്ടം തുണ്ടമാക്കാനും പുറത്തേക്കുകടത്താനുള്ള ട്രോളി ബാഗുകളും ഇയാള്‍ വാങ്ങിയത്.പണം പിൻവലിച്ച ടൗണിലെ എ.ടി.എമ്മില്‍ ബുധനാഴ്ച ഷിബിലിയുമായി പോലീസ് തെളിവെടുത്തു.

 

Signature-ad

കൊലയ്ക്ക് ശേഷം ഹോട്ടൽ മുറിയിലെ ശൗചാലയത്തിലേക്കു മാറ്റിയ മൃതദേഹം അവിടെവെച്ചാണ് കട്ടര്‍ ഉപയോഗിച്ച്‌ രണ്ടാക്കി മുറിച്ച്‌ ബാഗുകളിലാക്കി പുറത്തേക്കുകൊണ്ടുപോയത്.ഷിബിലി നേരത്തേ പെരിന്തല്‍മണ്ണ മേഖലയിലെ ഒരു വ്യവസായ യൂണിറ്റില്‍ വെല്‍ഡിങ്ജോലി ചെയ്തിരുന്നു.ഈ പരിചയംകൊണ്ടാണ് ഇലക്‌ട്രിക് കട്ടര്‍ വാങ്ങി ഉപയോഗിക്കാൻ കഴിഞ്ഞത്.

 

പ്രതികളുമായി ഹോട്ടലിലെത്തിയ തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നര മണിക്കൂറെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഷിബിലിയെയാണ് കൊലപാതകംനടന്ന ജി4 മുറിയിലേക്ക് ആദ്യം കൊണ്ടുപോയത്. ഇരുപതു മിനിറ്റിനുശേഷം ഫര്‍ഹാനയെയും മുറിയിലെത്തിച്ചു. ഇരുവരെയും വെവ്വേറെയും ഒന്നിച്ചുനിര്‍ത്തിയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

 

സിദ്ദിഖിനെ കൊലപ്പെടുത്തിയ രീതിയും മൃതദേഹം മുറിച്ച്‌ കഷണങ്ങളാക്കിയതും ട്രോളിബാഗില്‍ കയറ്റിയതുമെല്ലാം ഇരുവരും പോലീസിന് വിവരിച്ചുനല്‍കി. ഷിബിലിയാണ് കാര്യങ്ങളെല്ലാം ചെയ്തതെന്ന മൊഴി ഫര്‍ഹാന ആവര്‍ത്തിച്ചുവെന്നാണ് വിവരം.സിദ്ദിഖ് മരിച്ചുവെന്ന് ഉറപ്പായശേഷം മൃതദേഹം പായ്ക്ചെയ്യാൻ മിഠായിത്തെരുവിലെ കടയില്‍ നിന്നാണ് ട്രോളിബാഗ് വാങ്ങിയത്. ഇവിടെയും പോലീസ് ഷിബിലിയെ എത്തിച്ച്‌ തെളിവെടുത്തു.

 

തെളിവുകള്‍ മിക്കവാറും ശേഖരിച്ചുകഴിഞ്ഞ പോലീസ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ക്ക് ജാമ്യം പോലും ദുഷ്കരമാകും.

Back to top button
error: