അബുദാബി: യുഎഇയിൽ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കായുള്ള കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. രാജ്യത്ത് സഹിഷ്‍ണുതയും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിയമം ഫ്രീ സോണുകളിൽ ഉൾപ്പെടെ യുഎഇയിൽ ഉടനീളം ബാധകമായിരിക്കും.
യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ സ്‍പീക്കറുടെ അധ്യക്ഷതയിൽ അബുദാബിയിലെ പാർലമെന്റ് ആസ്ഥാനത്ത് ബുധനാഴ്ച ചേർന്ന സമ്മേളനത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. മുസ്‍ലിം ഇതര വിഭാഗങ്ങളുടെ മതപരമായ കർമങ്ങളും ചടങ്ങുകളും ആചാരങ്ങളും പരിശോധിച്ച് അവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് ഈ കമ്മിറ്റിയുടെ ഘടനയും പ്രവർത്തന രീതിയും മറ്റ് ഉത്തരവാദിത്തങ്ങളും യുഎഇ ക്യാബിനറ്റ് തീരുമാനിക്കും.
ആരാധനാലയങ്ങളുടെ രജിസ്‍ട്രേഷൻ, ലൈസൻസിങ് എന്നിവയ്ക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. ആരാധനാലയങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള നടപടികളും ചട്ടങ്ങളുമൊക്കെ നിയമത്തിന്റെ ഭാഗമാണ്. എല്ലാ ആരാധനാലയങ്ങളുടെയും പേരിൽ യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നതാണ് നിയമത്തിലെ മറ്റൊരു വ്യവസ്ഥ. നിയമലംഘങ്ങൾകക്ക് ഒരു ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെയുള്ള പിഴകളും നിയമത്തിൽ വിവരിക്കുന്നുണ്ട്. നിലവിലുള്ള ആരാധനാലയങ്ങൾ, നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം ഇവയ്ക്ക് വിധേമായി പ്രവർത്തനം ക്രമീകരിക്കണം. ഇതിനുള്ള സമയപരിധി ആറ് മാസം വീതം പരമാവധി രണ്ട് വർഷം വരെ ദീർഘിപ്പിച്ച് കൊടുക്കാമെന്നും വ്യവസ്ഥയിലുണ്ട്.