തൃശൂർ: മൂന്നുവർഷം മുമ്പ് എടുത്ത ഫോട്ടോയിൽ തന്റെ പുരികം മോശമായി എന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ കയറി ഉടമയ്ക്ക് നേരേ യുവാവിന്റെ ആക്രമണം. തൃശൂരിൽ മണ്ണുത്തിക്കടുത്ത് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന മണീസ് സ്റ്റുഡിയോ ഉടമയ്ക്ക് നേരേയാണ് യുവാവിന്റെ ആക്രമണം നടന്നത്. ചെമ്പൂത്ര ചെറുവാറ വീട്ടിൽ മണീസ് എന്ന വിളിക്കുന്ന മണികണ്ഠനെയാണ് മുല്ലക്കര സ്വദേശി അശ്വിൻ (21) ആക്രമിച്ചത്. ഇയാൾ മാനസിക രോഗിയാണെന്നാണ് നിഗമനം.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 -ഓടുകൂടി കടയിൽ കയറിവന്ന അശ്വിൻ മൂന്നുവർഷം മുമ്പ് എടുത്ത ഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോ എടുത്ത് നൽകുകയും ചെയ്തു. എന്നാൽ തന്റെ പടത്തിൽ പുരികം മോശമായെന്നും തന്റെ അച്ഛന്റെ അടുത്തേക്ക് വരണമെന്നും അശ്വിൻ ആവശ്യപ്പെട്ടു. എന്നാൽ മണീസ് അത് നിരസിക്കുകയായിരുന്നു. പെട്ടെന്ന് പ്രകോപിതനായ ഇയാൾ മേശപ്പുറത്ത് ഇരുന്ന കത്രിക എടുത്ത് മണികണ്ഠനനെ കുത്താൻ ശ്രമിച്ചു.
കത്രിക തടയാൻ ശ്രമിക്കുന്നതിനിടെ മണികണ്ഠന് കൈയിൽ പോറലേറ്റു. ഇതിനിടെ നിലത്തുവീണ മണീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ തൊട്ടടുത്ത വ്യാപാരികൾ വന്ന് പിടിച്ചുവച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയും പീച്ചി പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റുഡിയോക്കുള്ളിൽ നടന്ന ആക്രമണത്തിൽ കാമറയ്ക്കും ഫ്രെയിം ചെയ്ത ഫോട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏകദേശം 50,000 രൂപ നഷ്ടം വന്നതായി മണീസ് പറഞ്ഞു.