കൊച്ചി: ഏലൂര്‍ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിലം നികത്താന്‍ മണ്ണുമായെത്തിയ ലോറികള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസെത്തി ലോറികള്‍ തിരികെവിട്ടു. ഈ മാസം 15നും മണ്ണുമായെത്തിയ ലോറികള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതിയില്‍ 15ന് വില്ലേജ് ഓഫീസര്‍ ഫാല്‍ക്കണ്‍ കമ്പനിക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ 17ന് ഉടമ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കി. നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നു.
2002-03 കാലയളവില്‍ ലഭിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലം നികത്തുകയും പിന്നീട് 2018 ലെ പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ കമ്പനി 8 മാസത്തോളം അടച്ചിടുകയും ചെയ്തിരുന്നു. അന്നു ചെളി അടിഞ്ഞുകൂടി ഉപയോഗിക്കാന്‍ കഴിയാതെ കിടന്ന 184 സെന്റാണ് ഇപ്പോള്‍ നികത്തുന്നത്. ട്രക്കുകള്‍, ടാങ്കര്‍ ലോറികള്‍, വലിയ ചരക്കുവാഹനങ്ങള്‍ എന്നിവ പാര്‍ക്ക് ചെയ്യുന്നതിനു ജില്ലാ അധികാരികളുടെ ആവശ്യവും നിര്‍ദേശവും അനുസരിച്ചാണു വീണ്ടും മണ്ണിട്ടു ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ 6 വരെ നിര്‍ബന്ധപൂര്‍വം നടപടികള്‍ പാടില്ലെന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും നികത്തല്‍ ജോലികള്‍ ആരംഭിച്ചത്. പാടം നികത്താന്‍ കോടതിയുടെ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു സിപിഎം പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞത്.