ജയ്പൂർ: ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ജയ്പൂരിലെ രാംബാഗ് പാലസിന്.ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ കഴിഞ്ഞ വർഷം യാത്രികര്‍ നല്കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്ക്കാര പട്ടിക തയാറാക്കിയത്.
ട്രിപ്പ് അഡ്വസറിന്റെ ആദ്യ പത്തു ഹോട്ടലുകളുടെ പട്ടികയില്‍ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. മാലദ്വീപിലെ ഒസെന്‍ റിസര്‍വ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടല്‍ കൊലിന ഡി ഫ്രാന്‍സ് മൂന്നാം സ്ഥാനവും നേടി.
ബ്രിട്ടനിലെ ഷാന്‍ഗ്രി ലാ ദി ഷാര്‍ഡ്, ഹോങ്കോങിലെ ദ് റിറ്റ്സ് കാള്‍ട്ടണ്‍, ദുബായിലെ ജെ.ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍, ഇസ്തംബൂളിലുള്ള റൊമാന്‍സ് ഇസ്തംബൂള്‍ ഹോട്ടല്‍, ഗ്രീസിലെ ഇകോസ് ദാസിയ, സ്പെയിനിലെ ഇകോസ് അന്‍ഡലൂസ്യ, ഇന്തൊനീഷ്യയിലെ പദ്മ റിസോര്‍ട്ട് ഉബുന്ഡ് എന്നിവ മികച്ച പത്ത് ആഡംബര ഹോട്ടലുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
1835ല്‍ നിര്‍മിച്ച കൊട്ടാരമാണ് പിന്നീട് ആഡംബര ഹോട്ടലായി മാറിയ ജുവല്‍ ഓഫ് ജയ്പൂര്‍ എന്ന വിളിപ്പേരുള്ള രാംബാഗ് പാലസ്.1925 വരെ ജയ്പൂര്‍ രാജാവിന്റെ സ്ഥിരവസതിയായിരുന്നു രാംബാഗ് പാലസ്. നിലവില്‍ താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാര്‍.
താജ് ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രകാരം രാംബാഗ് പാലസിലെ വണ്‍ ബെഡ്റൂം പാലസ് റൂമില്‍ ഒരു ദിവസം താമസിക്കുന്നതിന് 29500 രൂപയാണ് ചാര്‍ജ്. ഏറ്റവും ചിലവ് കൂടിയ ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് 3,12,000 രൂപ വരെയാകും. നികുതിയും മറ്റ് ചിലവുകളും ഉള്‍പ്പെടുത്തുമ്ബോള്‍ ഇത് നാല് ലക്ഷത്തോളം രൂപയാകും.
ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ 2022 ല്‍ യാത്രികര്‍ നല്കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്ക്കാര പട്ടിക തയാറാക്കിയിരിക്കുന്നത്.