FeatureNEWS

ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് ബാങ്ക് അക്കൗണ്ടുകൾ 

മൊബൈൽ ആപ്പുകൾ വഴി നിമിഷങ്ങൾ കൊണ്ട് ബാങ്ക് അക്കൗണ്ട് സ്വന്തമാക്കാവുന്ന ഈ കാലത്ത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്കവരും.സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ട്, ശമ്പള അക്കൗണ്ട് എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങൾക്ക് നിരവധിയായ അക്കൗണ്ടുകൾ എന്നതാണ് ഇന്നത്തെ രീതി.അതിനാൽതന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ​ഗുണവും ദോഷവുമാണ് ചുവടെ ചേർക്കുന്നത്.

ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

1. സേവിംഗ്‌സ് അക്കൗണ്ടിൽ വിവിധ തരത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ട്. സർക്കാറിൽ നിന്നുള്ള സബ്‌സിഡികൾ, ആദായ നികുതി റീഫണ്ട്, പെൻഷൻ എന്നിങ്ങനെ നിരവധി ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഒരു അക്കൗണ്ട് വഴി എല്ലാ ഇടപാടുകളും നടക്കുമ്പോൾ ഓരോന്നും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കില്ല. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളാണെങ്കിൽ ഇടപാടുകൾ തരം തിരിച്ച് മനസിലാക്കാൻ സധിക്കും.

Signature-ad

2. ഒരു ബാങ്കിനോടുള്ള ആശ്രയത്വം കുറയ്ക്കാൻ ഇതുവഴി സാധിക്കും.ബാങ്കിംഗ് ഇടപാടുകൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പണമിടപാടിന് മറ്റൊരു ബാങ്കിനെ ആശ്രയിക്കാൻ സാധിക്കും.

3. ഇക്കാലത്ത് പണം പിൻവലിക്കാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് എടിഎമ്മിനെയാണ്. ഇതോടെ എടിഎം ഇടപാടിന് പരിധി വെച്ച് ബാങ്കുകൾ ചാർജ് ഈടാക്കാനും തുടങ്ങിയിട്ടുണ്ട്.മാസത്തിൽ നിശ്ചിത പിൻവലിക്കലുകൾ മാത്രമാണ് ഇപ്പോൾ സൗജന്യമുള്ളത്. വിവിധ അക്കൗണ്ട് വഴി ലഭിക്കുന്ന എടിഎം കാർഡുകൾ ഉപയോഗിച്ച് എണ്ണം പേടിക്കാതെ ഓരോ കാർഡ് ഉപയോഗിച്ചും പരമാവധി പിൻവലിക്കലുകൾ നടത്താം.

4. പണമടയ്ക്കാൻ ഓൺലൈൻ/ യുപിഐ സൗകര്യം വന്നതോടെ തട്ടിപ്പുകാർ ഇതൊരു അവസരമാക്കിയെടുത്തിട്ടുണ്ട്. യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ ചുരുങ്ങിയ ബാലൻസിൽ മറ്റൊരു അക്കൗണ്ട് ഉപയോഗിക്കുന്നത് ഗുണകരമാണ്. തട്ടിപ്പുകളിൽ വീണാൽ വളരെ കുറവ് തുക മാത്രമെ നഷ്ടപ്പെടുന്നുള്ളൂ.

ദോഷങ്ങൾ

1. എല്ലാ അക്കൗണ്ടിലും മിനിമം ബാലൻസ് നിലനിർത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും.മിക്ക ബാങ്കുകളിലും ചുരുങ്ങിയത് 1,000 രൂപ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് സാധിച്ചില്ലെങ്കിൽ പിഴയും ഈടാക്കും.ഒന്നിലധികം അക്കൗണ്ട് ഉണ്ടാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഉപയോഗിക്കാവുന്ന തുക മിനിമം ബാലൻസിനായി മാറ്റിവെയ്‌ക്കേണ്ടി വരും.

2.ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുത്തു വെച്ചിട്ടും കാര്യമില്ല.ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചടിയാകും ഫലം.റിസർവ് ബാങ്ക് നിർദ്ദേശ പ്രകാരം 2 വർഷം ഉപയോഗിക്കാതെ വെച്ചിരുന്ന അക്കൗണ്ടുകൾ ബാങ്കുകൾ നിർജീവ അവസ്ഥയിലേക്ക് മാറ്റും.ഇതുവഴി അക്കൗണ്ട് സേവനങ്ങൾ മരവിപ്പിക്കുകയും പെനാൽട്ടി ഈടാക്കുകയും ചെയ്യും. ഇത്തരത്തിൽ നിർജീവാവസ്ഥയിലായ അക്കൗണ്ടുകൾ തട്ടിപ്പിന് ഉപയോഗിക്കാനുള്ള സാധ്യതകളും ഏറെയാണ്.

3.നിരവധി അക്കൗണ്ടുകളുണ്ടാകുന്നത് വഴി ഇവയുടെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുകയും എല്ലാ ഇടപാടുകളും കൃത്യമായ നടക്കുന്നുണ്ടോയെന്നും മനസിലാക്കേണ്ടതുണ്ട്.ഇതിന് വലിയ തോതിൽ സമയമെടുക്കും.അതേപോലെ കമ്പനികൾ മാറുന്നതിന് അനുസരിച്ച് ശമ്പള അക്കൗണ്ടും മാറി വരും.ഈ സമയത്ത് അക്കൗണ്ട് അവസാനിപ്പിച്ചില്ലെങ്കിൽ ശമ്പളം ക്രെഡിറ്റാവാത്തതോടെ രണ്ട് മാസത്തിന് ശേഷം പഴയ അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടായി മാറും.അവയ്ക്ക് മിനിമം ബാലൻസ് നിലനിർത്തുക എന്നത് മറ്റൊരു ബാധ്യതയാകും.

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചാണ് അക്കൗണ്ടുകളുടെ എണ്ണം തീരുമാനിക്കേണ്ടത്.ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് അക്കൗണ്ടുകളാണ് അഭികാമ്യമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. ഒരു വ്യക്തി​ഗത അക്കൗണ്ട്, ശമ്പള അക്കൗണ്ട്, പങ്കാളിക്കൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ ഉള്ള ജോയിന്റ് അക്കൗണ്ട് എന്നിവയാണ് വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്.

Back to top button
error: