Social MediaTRENDING

മൂക്കിനു താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പ്രസംഗിക്കുന്നു; കമല്‍ ഹാസനെതിരെ ആഞ്ഞടിച്ച് ചിന്മയി

ചെന്നൈ: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായെത്തിയ നടന്‍ കമല്‍ഹാസനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ 5 വര്‍ഷമായി താന്‍ നേരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും നടന്‍ ശബ്ദിച്ചിട്ടുണ്ടോ എന്ന് ചിന്മയി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഒരു മാസം പിന്നിട്ടിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ചിന്മയി രംഗത്തെത്തിയത്.

”തമിഴ്നാട്ടിലെ ഒരു ഗായിക ഒരു പീഡകന്റെ പേര് പരസ്യമായി വിളിച്ചു പറഞ്ഞതിന് കഴിഞ്ഞ 5 വര്‍ഷമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും അത് തുടരുന്നു. ആ പീഡകനോട് ബഹുമാനം ഉള്ളതുകൊണ്ട് അയാള്‍ക്കെതിരെ ആരും ഒന്നും ശബ്ദിച്ചില്ല. നിങ്ങള്‍ ഒരു വാക്കെങ്കിലും ഉച്ചരിച്ചോ? മൂക്കിനു താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും?”- ചിന്മയി കുറിച്ചു.

Signature-ad

ചിന്മയിയുടെ പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്. സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളില്‍ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018 ല്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ആയിരുന്നു പരാതി. സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തുകയായിരുന്നു. സംഭവം തമിഴ് സിനിമാസംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

Back to top button
error: