വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടത്തുന്നതിനും സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാനുമുള്ള സന്യാസിമാർ അമേരിക്കയിലെ ശിവഗിരി ആശ്രമത്തിലേക്ക് എത്തിതുടങ്ങി. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധി തീത്ഥ, സ്വാമി ശങ്കരാനാന്ദ എന്നിവരാണ് അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാൻ വാഷിംഗ്ടണിൽ എത്തിയത്.
അമേരിക്കയിലെ ശ്രീനാരയണ ഗുരുദേവന്റെ ആശ്രമം എന്ന സ്വപ്നം യാഥാർത്ത്യമാക്കാനുള്ള അവസാന ശ്രമത്തിലാണ് സംഘാടകരും ലോകംമെമ്പാടുമുള്ള ഗുരുദേവ ഭക്തരും ലോകത്തിലുള്ള എല്ലാ ശ്രീനാരയണ സംഘടനകളുടെയും പ്രതിനിധികൾ എത്തിചേർന്നു കൊണ്ടിരിക്കുന്നു. ചടങ്ങിന് എത്തുന്നവർക്ക് എല്ലാവർക്കും വിപുലമായ സൗകര്യങ്ങൾ സംഘാടക സമിതി ക്രമീകരിച്ചട്ടുണ്ട്. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന നാമകരണത്തോടെ വാഷിംഗ്ടൺ ഡിസിയിൽ മെയ് 27, 28 തീയതികളിലായി ആശ്രമത്തിന് തിരി തെളിയുന്നതോടെ ശ്രീനാരായണ സമൂഹത്തിന് ചരിത്രത്തിലെ ഒരു സുവർണ്ണനേട്ടമാണ് സ്വന്തമാവുക.
ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ മാർഷൽ റോഡിനു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശ്രമമന്ദിരത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർത്ഥനാ ഹാൾ, ലൈബ്രറി, അടുക്കള, അതിഥിമുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. എല്ലാ അർത്ഥത്തിലും സ്വച്ഛന്ദമായ ആശ്രമാന്തരീക്ഷം ഒരുക്കാനുളള ശ്രമത്തിലാണ് സംഘാടകർ.
ഗുരുദേവന്റെ സർവ്വാദരണീയമായ ഉപദേശരത്നങ്ങളുടെ മൂല്യം ലോകസമക്ഷം അവതരിപ്പിക്കുന്നതോടൊപ്പം ഭാരതത്തിന്റെ പൈതൃകസമ്പത്തായ യോഗ, മെഡിറ്റേഷൻ എന്നിവ പരിചയപ്പെടുന്നതിനുളള വിപുലമായ സംവിധാനവും ആശ്രമത്തിലുണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുദേവഭക്തർ ഒത്തുചേരുന്ന സമർപ്പണ ചടങ്ങുകളിൽ വിശ്വശാന്തിപൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവകൃതികളുടെ ആലാപനം, ആദ്ധ്യാത്മിക സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.