CrimeNEWS

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; അയിരൂര്‍ മുന്‍ സി.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ സിഐ: ആര്‍.ജയസനിലിനെ
പിരിച്ചുവിടല്‍ നോട്ടീസ്. സര്‍വീസില്‍നിന്ന് നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഡിജിപി നോട്ടീസ് നല്‍കി. 7 ദിവസത്തിനകം മറുപടി നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കും.

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സി.ഐ: ജയസനിലിനെതിരേ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങള്‍ പരിഗണിക്കാനും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും ജയസനില്‍ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സിഐ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.

Signature-ad

പിന്നീട് ജയസനില്‍ വാക്കുമാറി. പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതിയും നല്‍കുകയായിരുന്നു.

2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷില്‍നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട്ട് ഉടമകള്‍ക്കെതിരേ വ്യാജക്കേസ് റജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പുതല നടപടികള്‍ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Back to top button
error: