കോഴിക്കോട്: ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്ത് പോലീസ്. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ബാഗുകളാണ് അഗ്‌നിശമന സേനയുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തിരിക്കുന്നത്. ബാഗിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വന്തം സ്ഥാപനത്തിലെ തന്നെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി(22)യും ഇയാളുടെ കാമുകി ഫര്‍ഹാന(18), ഫര്‍ഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷിഖിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാള്‍ മുറിയിലുണ്ടായിരുന്നു. ട്രോളി ബാഗ് എവിടെയാണ് ഉപേക്ഷിച്ചതെന്ന് ആഷിഖിന് വ്യക്തതയുണ്ടെന്നും പോലീസ് അറിയിച്ചു. പാലക്കാട് നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇന്‍ ഹോട്ടലില്‍ മേയ് 18-ന് സിദ്ധിഖ് മുറിയെടുത്തിരുന്നു. ഹോട്ടലിലെ ജി 3, ജി 4 മുറികളിലാണ് സിദ്ദിഖും പ്രതികളും താമസിച്ചിരുന്നത്. ഈ രണ്ട് മുറികളും ബുക്ക് ചെയ്തത് കൊല്ലപ്പെട്ട സിദ്ദീഖാണെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.
ഇവിടെവെച്ചാണ് ഇയാളെ കൊല്ലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം. ഇവര്‍ ചെന്നൈയിലേക്ക് കടന്നത് സിദ്ദീഖിന്റെ കാറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.