LIFEReligion

അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 28ന്

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടും.

ശ്രീനാരായണ ഗുരുദേവ​ന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ ലോകത്തിലെ രണ്ടാമത്തെ സർവ്വമത സമ്മേളനത്തി​ന്റെ ശതാബ്ദി, വൈക്കം സത്യാഗ്രഹ സമരത്തി​ന്റെ ശതാബ്ദി, ശിവഗിരി തീർത്ഥാടനത്തി​ന്റെ നവതി ആഘോഷങ്ങളുടെ മദ്ധ്യത്തിലാണ് പുതിയ ശിവഗിരി അമേരിക്കൻ ആശ്രമത്തി​ന്റെയും ഉദയം. ശ്രീനാരായണ സമൂഹത്തി​ന്റെ സുവർണ്ണകാലഘട്ടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

മാനവരാശിയുടെ ഉന്നമനത്തിനായി ഗുരുദേവൻ അരുൾ ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി,സംഘടന കൃഷി, വ്യവസായം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം, എന്നി അഷ്ട ലക്ഷ്യങ്ങൾ കൂടാതെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഗുരുദേവ കൃതികളുടെ ആഴത്തിലുള്ള ഗവേഷണവും, ചർച്ചകളും പ്രോത്സാഹിപ്പിക്കുകയെന്നതും ആശ്രമത്തി​ന്റെ പ്രധാന ലക്ഷ്യമാണ്.

ആത്മോപദേശശതകവും ദർശനമാലയും ദൈവദശകവും അദ്വൈതദീപികയും വേദാന്തസൂത്രവും ഉൾപ്പെടെ 60ഓളം ദാർശനിക കൃതികൾ മനുഷ്യരാശിക്ക് സമ്മാനിച്ച മഹാഗുരുവിന്റെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഗുരുദേവകൃതികളുടെ ആഴത്തിലുളള പഠനത്തിനും ഉൾപ്പെടെ ഗുരുവിനെ അറിയുന്നതിനും അനുഭവിക്കുന്നതിനും ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയെന്ന ഉദാത്ത ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ (സന) പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ എന്നിവർ പറഞ്ഞു.

ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ മാർഷൽ റോഡിനു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശ്രമമന്ദിരത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർത്ഥനാ ഹാൾ, ലൈബ്രറി, അടുക്കള, അതിഥിമുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. എല്ലാ അർത്ഥത്തിലും സ്വച്ഛന്ദമായ ആശ്രമാന്തരീക്ഷം ഒരുക്കാനുളള ശ്രമത്തിലാണ് സംഘാടകർ.

ഗുരുദേവന്റെ സർവ്വാദരണീയമായ ഉപദേശരത്നങ്ങളുടെ മൂല്യം ലോകസമക്ഷം അവതരിപ്പിക്കുന്നതോടൊപ്പം ഭാരതത്തിന്റെ പൈതൃകസമ്പത്തായ യോഗ, മെഡിറ്റേഷൻ എന്നിവ പരിചയപ്പെടുന്നതിനുളള വിപുലമായ സംവിധാനവും ആശ്രമത്തിലുണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുദേവഭക്തർ ഒത്തുചേരുന്ന സമർപ്പണ ചടങ്ങുകളിൽ വിശ്വശാന്തിപൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവകൃതികളുടെ ആലാപനം, ആദ്ധ്യാത്മിക സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.

ശിവഗിരി മഠത്തിലെ ഗുരു പ്രസാദ് സ്വാമി, ഡോ ശിവദാസൻ മാധവൻ ചാന്നാർ (പ്രസിഡൻറ്), മനോജ് കുട്ടപ്പൻ, അനിൽ കുമാർ (വൈസ് പ്രസിഡ​ന്റ്), മിനി അനിരുദ്ധൻ (ജനറൽ സെക്രട്ടറി), സന്ദീപ് പണിക്കർ (ട്രെഷറർ), സാജൻ നടരാജൻ (ജോയി​ന്റ് സെക്രട്ടറി), ശ്രീനി പൊന്നച്ചൻ (ജനറൽ കൺവീനർ), ട്രെസ്റ്റി ബോർഡ് അംഗങ്ങളായ അശോകൻ വേങ്ങാശ്ശേരിൽ, ശിവരാജൻ കേശവൻ, കോമളൻ കുഞ്ഞുപിള്ള, പ്രസന്നാ ബാബു, ശിവാനന്ദൻ രാഘവൻ, ശ്രീനിവാസൻ ശ്രീധരൻ, പ്രസാദ് കൃഷ്ണൻ വേങ്ങാശ്ശേരിൽ, രാജാസിംഹൻ, രാജപ്പൻ, സരസ്വതി ധർമ്മരാജൻ, രത്നമ്മാ നാഥൻ, കവിതാ സുനിൽ, ഷാജി പപ്പൻ, ആനൂപ് സുബ്രമണ്യൻ, അരുൺ വേണുഗോപാൽ, ഗ്വാഡിയൻ കൗൺസിൽ അംഗങ്ങളായ ഡോ എം ഐ ദാമോദരൻ, ചന്ദ്രബാബു, മോഹൻദാസ്, ഡോ സുധാകരൻ, രാമകൃഷ്ണൻ, ജയരാജ്, ചന്ദ്രമതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

 

Back to top button
error: