IndiaNEWS

സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിലേക്ക് സമാധാന ശ്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉടൻ മണിപ്പൂർ സന്ദർശിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. മൂന്ന് ദിവസം അവിടെ തങ്ങുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിലെത്തുന്നത്. അസം സന്ദർശനത്തിനിടെയാണ് മണിപ്പൂർ സന്ദർശന പ്രഖ്യാപനം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് മേഖലയിൽ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാങ്ങിൽ വർക് ഷോപ്പിന് അക്രമികൾ തീയിട്ടു.

അതിനിടെ മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിൽ. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്. തോക്കും ​ഗ്രെനേഡുകളുമാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. ഇംഫാലിലടക്കം കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാ​ഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. 56 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: