ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് മുകേഷ് അംബാനിയുടേത്. അംബാനി കുടുംബം ഇപ്പോൾ താമസിക്കുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയായ ആന്റിലയിലാണ്. മുംബൈയിലെ 27 നിലകളുള്ള വാസ്തുവിദ്യാ വിസ്മയമാണ് ആന്റിലയ. എന്നാൽ അംബാനി കുടുംബത്തിന്റെ വേരുകൾ ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ കടൽത്തീര ഗ്രാമമായ ചോർവാഡിലാണ്, അവിടെയാണ് അംബാനി കുടുംബത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൂർവ്വിക ഭവനം സ്ഥിതി ചെയ്യുന്നത്. 100 വർഷത്തിലേറെ പഴക്കമുള്ള ഈ കുടുംബ സ്വത്ത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വന്തമാക്കിയതാണ്.
റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായ് അംബാനി ജനിച്ചു വളർന്ന വീടാണ് ഇത്. 2 നിലകളുള്ള ഈ മാൻഷൻ 2011 ൽ ഒരു സ്മാരകമാക്കി മാറ്റിയിരുന്നു. രണ്ട് നിലകളുള്ള മാളികയുടെ യഥാർത്ഥ വാസ്തുവിദ്യ നിലനിർത്താനും ധീരുഭായ് അംബാനി താമസിച്ചിരുന്ന പ്രദേശം പുനർനിർമ്മിക്കാനും ശ്രമിച്ചിട്ടുണ്ട്. പിച്ചള-ചെമ്പ് പാത്രങ്ങൾ, തടി ഫർണിച്ചറുകൾ തുടങ്ങി കുടുംബത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി വസ്തുക്കൾ ഇവടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
1.2 ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. സമൃദ്ധമായ പച്ചപ്പുകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ഭവനം. ഇത് തന്നെ മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്ന് പൊതുജനങ്ങൾക്ക് സന്ദർശനുമതിയുള്ള ഇടം. ഒന്ന് സ്വകാര്യ തെങ്ങിൻ തോപ്പ്, മറ്റൊന്ന് സ്വകാര്യ വസതി എന്നിങ്ങനെയാണിത്. 100 വർഷത്തിലേറെ പഴക്കമുള്ള പൂർവ്വിക സ്വത്ത് നവീകരിക്കാൻ മുകേഷ് അംബാനി ആർക്കിടെക്ചറൽ കമ്പനിയായ അഭിക്രം & അമിതാഭ് തിയോതിയ ഡിസൈൻസിന് കരാർ നൽകിയതായാണ് റിപ്പോർട്ട്. 5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. ഒരു ചെറിയ തിയേറ്ററിൽ ധീരുഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും പ്രദർശിപ്പിക്കുന്നുണ്ട്.
2011 ലാണ് എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ധീരുഭായ് അംബാനിയുടെ സ്മാരക ഭവനം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങൾക്കായി ചൊവ്വാഴ്ച മുതൽ ഞായർ വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ തുറന്നിരിക്കും. ധീരുഭായ് അംബാനി മെമ്മോറിയൽ ഹൗസിലേക്കുള്ള പ്രവേശന ഫീസ് 2 രൂപയാണ് എന്നാണ് റിപ്പോർട്ട്.
മുംബൈയിൽ സമ്പന്നമായ ഒരു വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുത്തതിന് ശേഷം ധീരുഭായ് അംബാനി ഇടയ്ക്കിടെ ചോർവാദിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു, അംബാനി കുടുംബം ഇപ്പോഴും അത് തുടരുന്നു. തറവാട് പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തെ സഹായിക്കുന്നതിനു പുറമേ അംബാനി കുടുംബം കടൽത്തീര ഗ്രാമത്തിൽ പൂന്തോട്ടങ്ങളും രണ്ട് സ്കൂളുകളും ഒരു ആശുപത്രിയും നിർമ്മിച്ചു.