LocalNEWS

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ബി.ഇ.എഫ്.ഐ. അവകാശ ദിനം ആചരിച്ചു

കോട്ടയം: ഫെഡറൽ തത്വങ്ങൾ നിരാകരിച്ചുകൊണ്ട് സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.ഐ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, ആദായ നികുതി വകുപ്പ് 80 (പി) പ്രകാരമുള്ള ഇളവ് സഹകരണ മേഖലയിൽ പൂർണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്.

കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. വി.പി. ശ്രീരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് റെന്നി പി.സി. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബി.ഇ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ അനിത ആർ നായർ നന്ദിയും പറഞ്ഞു.

കേരളത്തിലെ സുശക്തമായ സഹകരണ ബാങ്കിംഗ് മേഖലയെ തകർക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിന് അനുകൂലമായ വിധത്തിൽ നിയമ നിർമ്മാണം നടത്തുകയാണ്. ഇതിന്റെ ഫലമായി അന്തർ സംസ്ഥാന സഹകരണ സംഘങ്ങളും, നിധി കമ്പനികളും നാട്ടിൽ വ്യാപകമായി ആരംഭിക്കുകയാണ്. സംസ്ഥാന സർക്കാരുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്തരം സ്ഥാപനങ്ങൾ വലിയ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ഒടുവിൽ നിക്ഷേപങ്ങൾ പൂർണമായും കുത്തിച്ചോർത്തി കടന്നുകളയുകയും ചെയ്യുന്നു. വളരെ താമസിയാതെ തന്നെ ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളും തകരുന്നത് സഹകരണ മേഖലയുടെ ആകെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങൾക്കെതിരായാണ് ബി.ഇ.എഫ്.ഐ രാജ്യവ്യാപകമായി അവകാശ ദിനം ആചരിച്ചത്.

Back to top button
error: