IndiaNEWS

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി

ദില്ലി: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ലെന്ന് അവർ പറഞ്ഞു. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും മായാവതി പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് 20 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. ബിആർഎസ് പാർട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്ആർ കോൺഗ്രസ് ഉൾപ്പടെ അഞ്ച് പാർട്ടികൾ ചടങ്ങിനെത്തും. അതേസമയം പുതിയ പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന കോൺഗ്രസിനെ അടിക്കാൻ ചെങ്കോൽ ബിജെപി ആയുധമാക്കുന്നു. സ്വാതന്ത്യ ദിനത്തിലെ അധികാര കൈമാറ്റത്തിൻറെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോൺഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബ്രിട്ടൺ അധികാരം കൈമാറിയതിൻറെ പ്രതീകമായ ചെങ്കോൽ അലഹബാദിലെ നെഹ്റുവിൻറെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വർണ്ണ ഊന്ന് വടിയെന്നാണ്. പൂജകൾക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയിൽ ചെങ്കോൽ നെഹ്റുവിന് കൈമാറിയത്. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോൺഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും ഐടി സെൽമേധാവി കുറ്റപ്പെടുത്തി.

ചെങ്കോൽ വിവാദത്തോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിൻറെ നിസഹകരണത്തെ ഓസ്ട്രേലിയയിലെ അനുഭവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിമർശിച്ചു. സിഡ്നിയിൽ തനിക്കൊരുക്കിയ സ്വീകരണത്തിൽ അവിടുത്തെ പ്രധാനമന്ത്രി മാത്രമല്ല പ്രതിപക്ഷം ഒന്നടങ്കം പങ്കെടുത്തിരുന്നുവെന്നും അതാണ് ജനാധിപത്യത്തിൻറെ ശക്തിയെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ ധനമന്ത്രി നിർമ്മല സീതാരാമനും വിമർശനം കടുപ്പിച്ചു. ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിൽക്കാനുള്ള തീരുമാനം ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ലെന്ന് നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: